ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തന്റെ പേര് പറഞ്ഞാണ് വിനേഷ് ഫോഗട്ട് വിജയിച്ചതെന്നും അതിനര്‍ഥം താന്‍ വലിയ മനുഷ്യനാണെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു. വിനേഷിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.(Brij Bhushan’s reaction to Vinesh Phogat’s win in Haryana)
‘എന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചതെങ്കില്‍ അതിനര്‍ത്ഥം ഞാനൊരു വലിയ മനുഷ്യനാണെന്നാണ്. എന്റെ പേരിന്റെ ശക്തികൊണ്ട് വിനേഷ് മുന്നേറി,’എന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ‘വിനേഷ് ഫോഗട്ട് എവിടെ പോയാലും നാശം പിന്തുടരുന്നു, ഭാവിയിലും അത് സംഭവിക്കും. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കാം, പക്ഷേ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നശിച്ചു, ഗുസ്തി താരങ്ങള്‍ ഹരിയാനയ്ക്ക് നായകന്മാരല്ലെന്നും വില്ലന്മാരാണെന്നും.’ ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു.
ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. 65,080 വോട്ടുകള്‍ വിനേഷ് നേടിയപ്പോള്‍ 59,065 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.