പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയൻ. നിലവിൽ കേരള പൊലീസ് അക്കദമി ഡയറക്ടറാണ് പി.വിജയൻ. എ.അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.P. Vijayan is the new intelligence chief of the state
ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സസ്‌പെൻഷനിലായ പി.വിജയന് ആറ് മാസമാണ് സേനയിൽ നിന്നും മാറി നിൽക്കേണ്ടി വന്നിരുന്നത്. സസ്‌പെൻഷനു ശേഷം പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും അർഹതപ്പെട്ട ഉദ്യോഗകയറ്റം സർക്കാർ നൽകിയിരുന്നില്ല. ജനുവരിയിൽ ലഭിക്കേണ്ട ഉദ്യോഗകയറ്റമാണ് മെയ് മാസത്തിൽ നൽകിയത്.
എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഉന്നത ഐപിഎസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നത്. വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി രണ്ടു പ്രാവശ്യം ശുപാർശ നൽകിയിരുന്നെങ്കിലും, സർക്കാർ പരിഗണിച്ചിരുന്നില്ല. വിജയനെ തിരിച്ചെടുത്ത ശേഷവും വകുപ്പുതല അന്വേഷണം തുടരുകയാണ് ഉണ്ടായത്. ഒടുവിൽ ഈ റിപ്പോർട്ടിലും ക്ലീൻ ചിറ്റ് ലഭിച്ചതോടെയാണ് സർവീസിൽ സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയൻ. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. ശബരിമല തന്ത്രി കേസ്, കളമശ്ശേരി ബസ് കത്തിക്കൽ കേസ്, ചേലേമ്പ്ര ബാങ്ക് കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ അന്വേഷണ സംഘത്തെ നയിച്ച് മികവ് തെളിയിച്ച പി. വിജയൻ, ശമ്പരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ സൃഷ്ടാവ് കൂടിയാണ്. നിലവിൽ പി. വിജയൻ്റെ ഭാര്യയും സീനിയർ ഐ.എ.എസ് ഓഫീസറുമായ ഡോ. എം ബീന കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് ഉള്ളത്.









