ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന് ഷോക്കേറ്റ് ചരിഞ്ഞത്. സോളാര്‍ വേലിയിലേക്ക് അമിത വൈദ്യുതി നല്‍കിയെന്നാണ് വനം വകുപ്പിന്റെ സംശയം.(Wild elephant died due to electric shock)
സംഭവത്തെ തുടർന്ന് സ്ഥലം ഉടമ ഒളിവിലാണെന്ന് വനം വകുപ്പ് പറയുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.
എന്നാൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ ആനയല്ല ഇതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ച ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.