തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങില്ലെന്ന് കേരള വാട്ടർ അതോറിറ്റി. അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിംഗ് പുനഃരാരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.(water supply problem solved in thiruvananthapuram)
അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല. 86 എംഎൽഡി ജലശുദ്ധീകരണശാലയിൽ നിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
തലസ്ഥാനത്ത് ഇന്ന് 101ഓളം സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിപ്പ് പുറത്തുവന്നത്. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നും രാവിലെ 10 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് കുടിവെള്ളം തടസപ്പെടുകയെന്നുമായിരുന്നു അറിയിപ്പ്.
കുറച്ച് നാളുകളായി തലസ്ഥാന നഗരിയിൽ ഇടയ്ക്കിടെ വെള്ളം മുടങ്ങുന്നത് നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു.