ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ലാപതാ ലേഡീസ്’ എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ കയ്യടി.After being selected as India’s official entry for the Oscars, the Hindi film ‘Lapata Ladies’ is applauded by the country
പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസിന്റെ’ പേര് എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു.
തിയേറ്ററിൽ വീണുപോയൊരു സിനിമ വീണിടത്ത് നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്ന് സിനിമാ ലോകത്തിന്റെ ആകാശത്ത് വട്ടമിടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നതായിരുന്നു ‘ലാപതാ ലേഡീസി’ന് ലഭിച്ച സ്വീകാര്യത.
സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് വിവാഹമെന്ന ചങ്ങലയ്ക്ക് മുന്നില്‍ കഴുത്തുനീട്ടേണ്ടി വരുന്ന ഒരുപാട് ഇന്ത്യന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലാണ് ചിത്രം.
രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത് എന്നിവ അടക്കം 29 ചിത്രങ്ങളെ കടത്തിവെട്ടിയാണ് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ഓസ്കർ എൻട്രിക്ക് യോഗ്യത നേടിയത്.
വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിതാൻഷി ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് ചിത്രത്തലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ ആമിർ ഖാനാണ്. ഈ വർഷം ആദ്യമാണ് ചിത്രം പുറത്തിറങ്ങിയത്.
5 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ, ബോക്സോഫിസിൽ ചിത്രം 23 കോടിയാണ് നേടിയത്. അവതരണശൈലിയിലെയും പ്രമേയത്തിലെയും വ്യത്യസ്ത കൊണ്ടാണ് ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.