നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. അക്ഷയ് ഷിൻഡെ (24) എന്നയാളാണ് വെടിയേറ്റ് മരിച്ചത്. കസ്റ്റഡിയിൽനിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ, പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. The accused in the case of sexually assaulting nursery students was shot dead by the police
ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളിൽ നിയമിച്ചത്. ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ശുചിമുറിയിൽ പോയപ്പോൾ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. മകൾക്ക് സ്‌കൂളിൽ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ടു കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്.
മറ്റൊരു കേസിൽ പ്രതിയായ അക്ഷയ് ഷിൻഡെയെ, താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകീട്ട് തലോജ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിനായി താനെയിലേക്കു കൊണ്ടുപോകുന്നതിനിടെ മുമ്പ്ര ബൈപാസിനു സമീപം ഷിൻഡെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ റിവോൾവർ തട്ടിയെടുക്കുകയായിരുന്നു.
ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ മൂന്നു റൗണ്ട് വെടിയുതിർത്തു. വെടിവയ്പ്പിനിടെ പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു. ഇതോടെയാണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ഷിൻഡെയെ വെടിവച്ചത്.