കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നൽകരുതെന്ന് മകള്‍ ആശാ ലോറന്‍സ് ഹൈക്കോടതിയിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാ ലോറന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ഹര്‍ജി കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.(Do not hand over the dead body of the father to the medical college; MM Lawrence’s daughter in the High Court)
ഇന്ന് വൈകീട്ട് നാല് മണിക്കാണ് എം എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറന്‍സിന്റെ ആരോപണം.
തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെട്ടു.