തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി.The government handed over the complete report of the Justice Hema Committee to the Special Investigation Tea
എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്.
രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. ഇവരെയെല്ലാം എസ്ഐടി നേരിട്ട് കാണും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാഴ്ച സമയമാണ് അനുവദിച്ചിട്ടുള്ളത്. അതിനാൽ അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യാത്മകത പുറത്തുപോകരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.