കൊച്ചി: ഊബർ, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും. കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്.(Online taxi drivers will go on strike tomorrow)
ഓരോ ട്രിപ്പിനും കമ്മീഷൻ കൂടാതെ 49 രൂപ പ്ലാറ്റ്ഫോം ഫീസ് കമ്പനി ഏർപ്പെടുത്തി, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തു, 2017 ന് മുന്നേ ഉള്ള ടാക്സി വാഹനങ്ങളുടെ ഇന്റർ സിറ്റി ഓപ്ഷൻ എടുത്തുകളഞ്ഞു തുടങ്ങിയ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഡ്രൈവേഴ്സ് കൂട്ടായ്മ വ്യക്തമാക്കി. നാളെ രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും ബഹിഷ്കരിച്ചുകൊണ്ട് പണിമുടക്ക് നടത്തുക.
പലതവണ പരിഹാരം ആവശ്യപ്പെട്ടിട്ടും കമ്പനികൾ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് പണിമുടക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്ന് കൂട്ടായ്മ അറിയിച്ചു. ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവേഴ്സിനെ ചൂഷണം ചെയ്യുന്നത് നിരന്തരം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.