വാഷിങ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കണ്‍ വാലിയില്‍ സംരംഭകരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി അറിയാമെന്നു പറഞ്ഞ രാഹുല്‍, ‘ഹലോ, മിസ്റ്റര്‍ മോദി’ എന്നു തമാശമട്ടില്‍ ഫോണില്‍നോക്കി പറയുകയും ചെയ്തു.
‘പ്ലഗ് ആന്‍ഡ് പ്ലേ’ ഓഡിറ്റോറിയത്തില്‍ നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ, മെഷീന്‍ ലേണിങ് എന്നിവയെപ്പറ്റി രാഹുല്‍ വിശമദായി ചര്‍ച്ച ചെയ്തു. സംരംഭകരായ സയീദ് അമിദി, ഷോണ്‍ ശങ്കരന്‍ എന്നിവരുമായുള്ള സംഭാഷണത്തില്‍, എല്ലാ സാങ്കേതികവിദ്യയും ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരനും ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.
”ഏതെങ്കിലും സാങ്കേതികവിദ്യ ഇന്ത്യയില്‍ വ്യാപിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍, അധികാരം വികേന്ദ്രീകരിക്കുന്ന സാഹചര്യം ഉണ്ടാകണം. ഡ്രോണ്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വളരെയേറെ ഉദ്യോഗസ്ഥതടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പുതിയ കാലത്തെ സ്വര്‍ണമാണു ഡേറ്റ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യം തിരിച്ചറിയണം. ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും ആവശ്യമായ നിയന്ത്രണങ്ങള്‍ വേണം.
പെഗസസ് ഉള്‍പ്പെടെയുള്ള ചാരവൃത്തി സോഫ്റ്റ്വെയറുകളെപ്പറ്റി ഞാന്‍ പേടിക്കുന്നില്ല. എന്റെ ഐഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് അറിയാം. രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഡേറ്റാ സ്വകാര്യതയ്ക്കായുള്ള നിയമങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ ഫോണ്‍ ചോര്‍ത്തണമെന്ന് രാജ്യം തീരുമാനിച്ചാല്‍ ആര്‍ക്കും തടയാനാകില്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്.”- രാഹുല്‍ പറഞ്ഞു.
ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്നമട്ടില്‍ തന്റെ ഫോണില്‍ നോക്കി ‘ഹലോ മിസ്റ്റര്‍ മോദി’ എന്നു രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മോദിയെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ”ദൈവത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന ഒരാള്‍ ഇന്ത്യയിലുണ്ട്. നരേന്ദ്ര മോദി എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തുകിട്ടിയാല്‍ ദൈവത്തെയും മോദി പഠിപ്പിച്ചുകളയും” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ രാഹുലിനെ അനുഗമിക്കുന്നുണ്ട്.