ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ജലന്തര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ഇനി ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി. ജലന്തര്‍ രൂപതയുടെ നന്‍മയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. ഞാനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ”- അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഡല്‍ഹി അതിരൂപതാ സഹായമെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ 2013ലാണ് ജലന്തര്‍ രൂപതയുടെ ബിഷപ്പായി മാര്‍പാപ്പ നിയമിച്ചത്. ജലന്തറില്‍ വൈദികനായിരുന്ന ബിഷപ് ഫ്രാങ്കോ 2009ല്‍ ആണു ഡല്‍ഹിയില്‍ സഹായ മെത്രാനായി നിയമിതനായത്.
തൃശൂര്‍ മുളയ്ക്കല്‍ ഐപ്പുണ്ണി – മേരി ദമ്പതികളുടെ മൂത്തമകനായ ഫ്രാങ്കോ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ തോപ്പ് സെമിനാരിയിലാണ് വൈദികപഠനം ആരംഭിച്ചത്. നാഗ്പുര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനത്തിനു ശേഷം ജലന്ധര്‍ രൂപതയില്‍ നിന്നു 1990ല്‍ വൈദികപട്ടം സ്വീകരിച്ചു.
പഞ്ചാബ് ഗുരു നാനക് ദേവ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷ്, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദവും റോമില്‍ നിന്നു മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റും നേടി. റോമില്‍ അപ്പോസ്തലിക് യൂണിയന്‍ ഓഫ് ക്ലര്‍ജിയില്‍ കോഓര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.