ഇടുക്കി അടിമാലി, രാജാക്കാട്, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നും കർഷകരുടെ കൈയ്യിലെ ഏലയ്ക്ക വാങ്ങിയ ശേഷം പാലക്കാട് സ്വദേശി പണം നൽകാതെ കോടികൾ തട്ടിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. (Protest over the incident of drowning without paying after buying cardamom in idukki )
കേസിലെ പ്രതി പാലക്കാട് സ്വദേശി നസീറാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. ഇയാൾ രാജ്യം വിട്ടെന്ന സംശയവും കർഷകർക്കിടയിലുണ്ട്. കർഷകരിൽ ചിലർക്ക് പണം ലഭിച്ചത് വിദേശ അക്കൗണ്ടുകളിൽ നിന്നാണ് ഇതാണ് പ്രതിയുടെ വിദേശ ബന്ധവും വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും ചർച്ചയാകാൻ കാരണം.
സംഭവത്തിൽ അടിമാലി പോലീസ് സ്റ്റേഷനിൽ മാത്രം 32 പരാതികൾ ലഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. 18 കോടിയോളം രൂപ കർഷകർക്ക് നഷ്ടപ്പെട്ടതായി സ്ഥിരീകരണം ഉണ്ട് എന്നാൽ യഥാർഥ തുക ഇതിൻ്റെ പല മടങ്ങ് വരുമെന്നാണ് കർഷകർ പറയുന്നത്.
തട്ടിയെടുത്തത് കോടിയോളം രൂപ. പ്രദേശത്ത് എവർഗ്രീൻ എന്ന പേരിൽ സ്ഥാപനം തുടങ്ങി വൻതോതിൽ കർഷകരുടെ കൈയ്യിൽ നിന്നും ഏലയ്ക്ക വാങ്ങിയാണ് പണം തട്ടിയത്.
കമ്പോളങ്ങളിൽ ലഭിക്കുന്ന വിലയേക്കാൾ കിലോയ്ക്ക് 500 രൂപ അധികതുക നൽകിയാണ് സ്ഥാപനത്തിലെ ജീവനക്കാർ ഏലയ്ക്ക ശേഖരിച്ചിരുന്നത്. പ്രദേശത്ത് ഒട്ടേറെയിടങ്ങളിൽ ഇവർ ബ്രാഞ്ചുകൾ തുടങ്ങി കൂടിയ വിലയ്ക്ക് ഏലയ്ക്ക ശേഖരിച്ചതോടെ കർഷകരിൽ പലരും കമ്പോളങ്ങളിലെ സ്ഥിരം വ്യാപാരികൾക്ക് വിൽക്കാതെ ഏലയ്ക്ക പുതിയ വ്യാപാരികൾക്ക് കൈമാറി.
എന്നാൽ ആദ്യമൊക്കെ ഉടൻ പണം നൽകിയ തട്ടിപ്പുകാർ പിന്നീട് കർഷകർക്ക് ചെക്കാണ് നല്കിയത്. ചെക്ക് നൽകി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നിന്നും ടൺ കണക്കിന് ഏലയ്ക്ക വാങ്ങിയ സ്ഥാപന നടത്തിപ്പുകാരും പാലക്കാട് സ്വദേശിയായ ഉടമ നസീറും പിന്നീട് മുങ്ങി.
ചെക്കുമായി ബാങ്കിൽ ചെന്ന കർഷകർക്ക് അക്കൗണ്ടിൽ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തട്ടിപ്പ് മനസിലാക്കിയ കർഷകർ സ്ഥാപന ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാളുടെ വിവിധ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പണം നൽകാനുള്ളവർക്ക് വെള്ളക്കടലാസിൽ എഴുതി നൽകുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് നിയമസാധുത ഇല്ലാത്തതിനാൽ നിയമ നടപടികൾ സ്വീകരിക്കാൻ പ്രയാസമാണ്. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പാറത്തോട് സെയ്ൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ആവശ്യപ്പെട്ടു.