വര്‍ക്കല: ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ഓഗസ്റ്റ്20 നു ആര്‍ഭാടരഹിതമായും ഭക്തിപൂര്‍വ്വവും ആഘോഷിക്കണമെന്ന് ശിവഗിരിമഠം.Sree Narayana Guru Jayanti; Sivagiri Math to celebrate Chathaya day without pomp
സന്ധ്യയ്‌ക്ക് വയനാട്ടില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും ശാന്തി ദീപം തെളിക്കണം. കലാപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കണം.
കഴിഞ്ഞദിവസം ചേര്‍ന്ന ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികള്‍ ഒഴിവാക്കി ആത്മീയ പരിപാടികളോടെ ജയന്തി ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ജയന്തി ദിവസം രാവിലെ 6 മുതല്‍ 6.30 വരെ തിരു അവതാര മുഹൂര്‍ത്ത പൂജ, തുടര്‍ന്ന് നാമജപം, പ്രസാദ വിതരണം, പ്രഭാഷണം, അന്നദാനം, ജയന്തി സമ്മേളനം എന്നിവ സംഘടിപ്പിക്കാം.
ഗുരുജയന്തിക്ക് പതിവായി നടത്തുന്ന ഘോഷയാത്ര ആര്‍ഭാടരഹിതമായി നാമസങ്കീര്‍ത്തനശാന്തി യാത്രയായി എല്ലാവരും സംഘടിപ്പിക്കണം.
ചിങ്ങം ഒന്നു മുതല്‍ കന്നി ഒമ്പത് വരെ നടത്തുന്ന ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യയജ്ഞവും ജയന്തിക്ക് ഒരാഴ്ചയ്‌ക്കു മുമ്പായി ശ്രീനാരായണ ജയന്തി വാരോഘോഷവും സംഘടിപ്പിക്കേണ്ടതാണെന്നും ശിവഗിരിമഠം അറിയിച്ചു.