കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ രാഹുലിനെ ഡൽഹി വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചതിന് ശേഷം വിട്ടയച്ചു.Rahul P Gopal, the accused in Panthirankav domestic violence case, has returned to India
ഇന്ന് പുലർച്ചെയാണ് രാഹുൽ ഡൽഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവള അധികൃതർ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടതിന് ശേഷം ഇയാൾക്കെതിരെ നടപടിയെടുക്കരുതെന്ന നിർദേശം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചത്.
കേസിലെ ഒന്നാംപ്രതി രാഹുൽ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീൻ നിർദേശിച്ചിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവായ രാഹുലും കുടുംബാംഗങ്ങളും നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗാർഹികപീഡന പരാതിയിൽ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടരുകയാണ്.
എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാർ പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ മകളെ കാണാനെത്തിയപ്പോൾ മർദനമേറ്റ് അവശനിലയിൽ കാണുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതോടെ രാഹുൽ ഒളിവിൽ പോയി. രാഹുൽ മർദിച്ചെന്ന് യുവതി പൊലീസിൽ മൊഴിയും നൽകി.
ആഴ്ചകൾക്ക് ശേഷം രാഹുൽ മർദിച്ചിട്ടില്ലെന്നും സമ്മർദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു. തുടർന്ന് യുവതിയെ കാണാനില്ലെന്ന് പിതാവും പരാതി നൽകി. കുടുംബപ്രശ്നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.









