കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ പിടികൂടി പോലീസ്. Police have arrested the main accused in the case of extorting money from a doctor with a promise of marriag
കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന ആണ് പിടിയിലായത്. സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ ആണ് ഇവർ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചത്.
5 ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വർണാഭരണവും ഇവർ കൈക്കലാക്കി. ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് കാസർകോട് വച്ചാണ് ഇർഷാനയെ പിടികൂടിയത്.
പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഡോക്ടർ നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ ആളാണെന്ന് മനസിലാക്കി. ഇതിനു ശേഷം ഇർഷാനയുമായി വിവാഹം ഉറപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 8 ന് കോഴിക്കോട്ട് എത്തിയ ഡോക്ടറെ ഇർഷാനയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ പ്രതികളിൽ ഒരാൾ നിക്കാഹ് ചെയ്തു നൽകി.
വിവാഹശേഷം ഒന്നിച്ച് താമസിക്കാനായി വീട് പണയത്തിന് എടുക്കാൻ പ്രതികൾ പരാതിക്കാരനെ കൊണ്ട് അഞ്ച് ലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു.
പണയത്തിന് എടുത്ത വീട് കാണാമെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി പിറ്റേന്ന് നടക്കാവിൽ എത്തി. മീൻ മാർക്കറ്റിന് സമീപമുള്ള പള്ളിയിൽ നിസ്കരിക്കാൻ പോയ സംഘം ഡോക്ടറെ ഉപേക്ഷിച്ച് മുങ്ങി. കാറിൽ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈൽ ഫോൺ, ടാബ് തുടങ്ങിയവയും പ്രതികൾ തട്ടിയെടുത്തു.
നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രഘുപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, ശ്രീകാന്ത്, രശ്മി എ.വി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.