ഇടുക്കി തൊടുപുഴയിൽ പുലര്‍ച്ചെ കടതുറക്കാനായി പോയ വ്യാപാരിയെ ബൈക്കിലെത്തിയ മോഷ്ടാവ് ആക്രമിച്ച് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞു. തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.( In Thodupuzha, a businessman was attacked on a bike while he went to open the door in the morning)
മുതലക്കോടത്ത് ടിജെ ബേക്കറി നടത്തുന്ന പെട്ടേനാട് തോട്ടുപുറത്ത് വര്‍ഗീസിന്റെ (കുട്ടി- 75) കഴുത്തില്‍ക്കിടന്ന മൂന്നു പവന്റെ മാലയാണു നഷ്ടമായത്. ഇന്നലെ രാവിലെ 5.30ന് വര്‍ഗീസ് കട തുറക്കാനായി മുതലക്കോടത്തെ ബേക്കറിയിലെക്ക് വരുമ്പോഴായിരുന്നു സംഭവം. എന്നും പുലര്‍ച്ചെ 5.30ഓടെയാണ് വര്‍ഗീസ് കട തുറക്കാന്‍ പോകുന്നത്. ഇത് മനസിലാക്കിയാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.
ബൈക്കില്‍ പിന്നാലെയെത്തിയ മോഷ്ടാവ് വര്‍ഗീസിന്റെ കഴുത്തില്‍ തോര്‍ത്തിട്ട് കുരുക്കിയ ശേഷം മാല പൊട്ടിക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായ നീക്കത്തില്‍ പകച്ചെങ്കിലും വര്‍ഗീസ് ചെറുത്തുനിന്നു. മല്‍പ്പിടുത്തതിനിടയില്‍ മോഷ്ടാവിന്റെ ഷര്‍ട്ട് കീറി.
ഇതിനിടെ മോഷ്ടാവ് കൈയില്‍ കരുതിയിരുന്ന വാക്കത്തികൊണ്ടു വര്‍ഗീസിനെ ആക്രമിക്കാന്‍ തുനിഞ്ഞു. ഇതോടെ വര്‍ഗീസ് ഭയന്ന് പിന്മാറിയതോടെ സ്വര്‍ണമാലയുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
മുതലക്കോടത്തെത്തിയ വര്‍ഗീസിനെ സമീപവാസിയായ ഷിബു പുത്തന്‍പുരയ്ക്കലാണ് ആശുപത്രിയില്‍ എത്തിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ വര്‍ഗീസിന്റെ തലയ്ക്കും മുഖത്തും ദേഹത്തും പരിക്കേറ്റു. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നതിനാല്‍ മുഖം കാണാനായില്ലെന്നും വര്‍ഗീസ് പറഞ്ഞു. തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.