ഏറെ കൊട്ടിഘോഷിച്ച് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്. എന്നാൽ തേയിലയോ പഞ്ചസാരയോ പോലും വാങ്ങാൻ ലോൺ എടുക്കേണ്ട ഗതികേടിലാണ് ഞങ്ങളിൽ പലരും എന്ന് ഗവേഷകർ പറയുന്നു. (Navakerala post doctoral fellowship researchers in hell)
തങ്ങൾ കടക്കെണിയിലാണന്നും ജീവിക്കാൻ വഴിയില്ലെന്നും മുഖ്യമന്ത്രിയുടെ പേരിലുള്ള നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ച യുവ ഗവേഷകർ പറയുന്നു. കഴിഞ്ഞ നാല് മാസമായി ഫെല്ലോഷിപ്പ് തുക ലഭിക്കാതെ വന്നതോടെയാണ് ഇവർ ദുരിതത്തിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫെല്ലോഷിപ്പെന്ന അവകാശവാദത്തോടെയാണ് ഫെല്ലോഷിപ്പ് ആരംഭിച്ചത്.
ഫെല്ലോഷിപ്പ് തുക ഇത്തരത്തിൽ സ്ഥിരമായി മുടങ്ങുന്നതോടെ പലരിൽ നിന്നും കടംവാങ്ങിയും ദിവസക്കൂലിക്ക് ജോലിക്കുപോയും ലോണെടുത്തും കുടുംബം പോറ്റേണ്ടുന്ന ഗതികേടിലാണ് പല ഗവേഷകരും. ആദ്യബാച്ചിന്റെ ആരംഭകാലം മുതൽ ഗവേഷകർക്ക് കൃത്യമായി ഫെല്ലോഷിപ്പ് തുക നൽകിയിട്ടില്ലെന്നാണ് ആരോപണം. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് പലപ്പോഴും ഫെല്ലോഷിപ്പ് തുക ലഭിക്കുന്നത്.
വികസന പദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. പ്രതിമാസം 50,000 മുതൽ രണ്ടുലക്ഷം രൂപവരെ രണ്ടുവർഷത്തേക്ക് ലഭിക്കും. രണ്ടുവർഷമാണ് ഗവേഷണ കാലാവധി.