കൊല്ലം: അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.(Anchal Ramabhadran murder case; 14 accused including CPM district committee member are guilty)
കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.
കേസ് ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. തുടർന്ന് രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരണപ്പെട്ടിരുന്നു.