ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കിടക്കുന്ന സ്ഥലം കണ്ടെത്തിയതായാണ് എക്സിലെ പോസ്ററിലൂടെ മന്ത്രി വെളിപ്പെടുത്തിയത്. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.(Arjun rescue mission updates)
അതേസമയം അർജുന്റെ ലോറിയിൽ കെട്ടിയിരുന്ന കയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായും സൂചന പുറത്തു വന്നിരുന്നു. മണ്ണ് മാറ്റിയുള്ള പരിശോധനയിൽ ലോറിയിലെ തടി കെട്ടിയിരുന്ന കയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്.
കരയോട് ചേർന്ന മണ്ണിനടിയിൽ നിന്ന് വടം കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം. ലോറിയിൽ തടി കെട്ടിയതിന്റെ വടമാണോ എന്ന സംശയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെരച്ചിലിൽ രാത്രിയിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
തട്ടുകടയ്ക്ക് താഴ്ഭാഗത്തുള്ള മണ്ണ് നീക്കിയാണ് നിലവിൽ പരിശോധന നടത്തുന്നത്. കയർ കണ്ടെത്തിയ സ്ഥലത്ത് ലോറിയുടെ നീളത്തിലാണ് മണ്ണ് നീക്കി പരിശോധന തുടരുന്നത്. അർജുന്റെ ലോറിയിൽ 300ലേറെ തടികളുണ്ടായിരുന്നെന്നും അത് കയർ ഉപയോഗിച്ചാണ് കെട്ടിയിരുന്നതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.