വാഷിങ്ടൺ: മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യൂർ സ്തംഭിച്ചു. ലോകമെങ്ങും വ്യോമഗതാഗതം, ടെലിവിഷൻ, സ്റ്റോക്ക് എക്സ്ചേഞ്ച്, ബാങ്കിങ് സേവനങ്ങളെയും ഐടി മേഖലയെയും ഇത് ബാധിച്ചു. മൈക്രോസോഫ്റ്റ് 365 ആപ്പുകളും സേവനങ്ങളും തടസപ്പെട്ടിട്ടുണ്ട്.Windows freezes
പ്രവർത്തിച്ചുകൊണ്ടിരുന്ന മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകൾ തനിയെ ബ്ലൂ സ്ക്രീനിലേക്ക് പോവുകയാണ്. ക്രൗഡ്സ്ട്രൈക്ക് ആന്റി വൈറസ് സോഫ്റ്റ്‍വെയറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് സൈബർ വിദഗ്ധർ പറയുന്നു. ഇന്ത്യ അടക്കം ലോകത്തെമ്പാടും കംപ്യൂട്ടർ, ഐടി സേവനങ്ങളിൽ അതീവ ഗുരുതരമായ സ്തംഭനത്തിനാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോഗിച്ച പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ സാങ്കേതിക തകരാർ മൂലം എയർലൈൻ മുതൽ ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റി. വെള്ളിയാഴ്ചയാണ് സാങ്കേതിക തകരാർ ഉണ്ടായത്. ബ്ലൂ സ്ക്രീൻ ഡെത്ത് എന്ന പേരിലറിയപ്പെടുന്ന പ്രശ്നമാണ് മൈക്രോസോഫ്റ്റിന് ഉണ്ടായത്. ഇതുമൂലം ആളുകൾക്ക് മെക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൗഡ് സ്ട്രൈക്ക് എന്ന സ്ഥാപനം നൽകിയ അപ്ഡേറ്റാണ് മൈക്രോസോഫ്റ്റിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. വിൻഡോസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഗുരുതര പ്രശ്നമുണ്ടാവുമ്പോഴാണ് നീല നിറത്തിലുള്ള സ്ക്രീനും അതിനൊപ്പം മുന്നറിയിപ്പ് സന്ദേശവും പ്രത്യക്ഷപ്പെടാറ്. നിലവിൽ വ്യാപകമായി ഇത്തരം പ്രശ്നമുണ്ടാകുന്നുവെന്നാണ് യൂസർമാർ പരാതിപ്പെടുന്നത്.
തകരാർ മൂലം വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മാധ്യമങ്ങളുടെ വരെ പ്രവർത്തനം താളംതെറ്റി. ഇന്ത്യയിൽ ഡൽഹി,മുംബൈ വിമാനത്താവളങ്ങളിൽ പ്രവർത്തനത്തെ തകരാർ ബാധിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ എയർലൈനുകളെല്ലാം തന്നെ മൈക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.യു.എസ്, ന്യൂസിലാൻഡ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ വിമാന സർവീസും മൈക്രോസോഫ്റ്റ് തകരാറിൽ കുടുങ്ങി.