കാസർകോട്: സ്കൂളിലേക്ക് ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ. ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിയെയാണ് ആക്രമിച്ചത്. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുണ്ട്.(Plus one student ragging by seniors)
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. പള്ളിക്കര ബിലാൽ നഗർ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. മർദിച്ച വിവരം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥിക്ക് തലചുറ്റൽ അനുഭവപ്പെടുകയും വീട്ടിൽ കിടക്കുകയുമായിരുന്നു. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. പിന്നീടാണ് വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുകയും ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നു കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.