വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആയി നടക്കുന്ന 2024 ടി20 ലോകകപ്പിലെ 52 മത്സരങ്ങൾക്ക് ശേഷം അങ്ങിനെ സെമിഫൈനലിന് കളമൊരുങ്ങി. ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അവസാന നാലിൽ ഇടംപിടിച്ചത്. ട്രിനിഡാഡിൽ ബുധനാഴ്ച (ജൂൺ 26) നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും കൊമ്പുകോർക്കുമ്പോൾ, വ്യാഴാഴ്ച (ജൂൺ 27) ഗയാനയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. കാലവസ്ഥയിൽ ഒരു കണ്ണുമായി രണ്ട് സെമികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.(If the T20 World Cup final is cancelled, who will be the winners)
രണ്ട് സെമിയും മഴ ബാധിച്ചാൽ എന്ത് സംഭവിക്കും?
അഫ്ഗാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ സെമിഫൈനലിനായി ഒരു റിസർവ് ഡേ ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനലിന് റിസർവ് ഡേ ഇല്ല. എന്നിരുന്നാലും നാല് അധിക മണിക്കൂർ മത്സരത്തിനായി റിസേർവ് ചെയ്തിട്ടുണ്ട്.
രണ്ട് സെമിഫൈനലുകളും പൂർണ്ണമായും മഴയിൽ മുടങ്ങിപ്പോയാൽ, മത്സരത്തിൽ ഇതുവരെ തോൽവി അറിയാത്ത രണ്ട് ടീമുകളായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും — സൂപ്പർ 8-ൽ അതാത് ഗ്രൂപ്പുകളിൽ ഒന്നാമത്തെ ടീം ഫൈനലിൽ ഏറ്റുമുട്ടും. ആതിഥേയരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, യുഎസ്എ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് 2-ൽ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കയാണ് മുൻപിൽ. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരും ഉൾപ്പെട്ട ഗ്രൂപ്പ് 1-ൽ രോഹിത് ശർമ്മയും കൂട്ടരുമാണ് ഒന്നാമത്.
ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിനുള്ള കാലാവസ്ഥാ പ്രവചനം ആശാവഹമല്ല. ഫൈനൽ മത്സരത്തിന് റിസർവ് ദിനമുണ്ടെങ്കിലും ആശങ്കയ്ക്കിട നൽകുന്നുണ്ട്. ഫൈനലിൽ മഴയെത്തി മത്സരം മുടങ്ങിയാൽ എന്ത് സംഭവയ്ക്കും?
ശനിയാഴ്ച (ജൂൺ 29) ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിലാണ് ഫൈനൽ നടക്കുക. ഫൈനലിന് ഒരു റിസർവ് ദിനമുണ്ട്. അപ്പോഴും ഫലം ഉണ്ടാകുന്നില്ലെങ്കിൽ ഫൈനലിസ്റ്റുകളായ ഇരുവരെയും സംയുക്ത-വിജയികളായി പ്രഖ്യാപിക്കും. ഐസിസി ഇവൻ്റുകളുടെ ചരിത്രത്തിൽ, ഒരു തവണ മാത്രമേ രണ്ട് ടീമുകൾ സംയുക്ത വിജയികളായി അവസാനിച്ചിട്ടുള്ളൂ; 2002 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ആതിഥേയരായ ശ്രീലങ്കയും ട്രോഫിയിൽ കൈകോർത്തപ്പോൾ ആണത്.