ഗുരുവായൂരിൽ ജൂലായ് ഒന്ന് മുതൽ സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. വി.ഐ.പികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സമയങ്ങളിൽ ദർശനമുണ്ടാകില്ല. വരിയിൽ നിൽക്കുന്നവർക്ക് മാത്രമാകും ദർശനം. ഭക്തജന തിരക്ക് കണക്കിലെടുത്തതാണ് പുതിയ തീരുമാനം. (Restrictions on special darshans in Guruvayur from July 1)
ജൂലായ് 13 മുതൽ 16 വരെ ക്ഷേത്രനട വൈകിട്ട് ഒരു മണിക്കൂർ കൂടുതൽ തുറക്കാനും ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. ഭരണ സമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ചോറൂൺ വഴിപാട് കഴിഞ്ഞ് കുട്ടികൾക്കുള്ള സ്‌പെഷ്യൽ ദർശനവും ശ്രീകോവിൽ നെയ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമാകില്ല.
ഭരണസമിതി അംഗങ്ങളായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ കാര്യങ്ങൾ വിശദീകരിച്ചു.