അടുത്തിടെ ഗതാഗതമന്ത്രി ഗണേശ് കുമാറിന്റെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങിയിരുന്നു. പരിശോധന നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.

എന്നാൽ ഇത് പുതുതായി തുടങ്ങിയ പദ്ധതിയല്ലെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. 2021 മുതലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2021 ജൂലൈ 21 മുതൽ ഈ വർഷം ജൂൺ 14 വരെ 319 ഉദ്യോഗസ്ഥരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഇതിൽ 304 പേർ ഡ്യൂട്ടിക്കിടെ മദ്യപിച്ചവരാണ്. 15 പേർ മദ്യപിച്ച് വിശ്രമ മുറിയിൽ കിടക്കുന്നതിനിടയിലുമാണ് പിടിയിലായത്.
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ അൺ ഫിറ്റാക്കാൻ ബ്രത്ത് അനലൈസർ വാങ്ങിയതിന് ചെലവായത് 760250 രൂപ. ഈ വർഷം 20 ബ്രത്ത് അനലൈസർ ആണ് വാങ്ങിയത്. ഒരെണ്ണത്തിന് 38012 രൂപയാണ് വില. പ്രിന്റർ, ജിപി,എസ്, കാമറ തുടങ്ങിയവയോടു കൂടിയ ബ്രത്ത് അനലൈസറാണ് കെ.എസ്.ആർ.ടിസി വാങ്ങിയതെന്ന് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.