കൊളോൺ: യൂറോ കപ്പിൽ ഇരു ടീമുകളും കൊണ്ടും കൊടുത്തും കളി അവസാനിപ്പിച്ചപ്പോൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മറ്റൊരു ടീം. പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിനിറങ്ങിയ സ്വിറ്റ്സർലൻഡിനെ സമനിലയിൽ പൂട്ടി സ്കോട്ട് ലാൻഡ്. Scotland tied with Switzerland
ഈ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ രണ്ടും ജയിച്ച ജർമനി ആറു പോയിന്റുമായി പ്രീ ക്വാർട്ടർ ഉറപ്പിച്ചു.
ഒരോ ഗോൾ വീതം നേടിയാണ് ഇരു ടീമും കളി അവസാനിപ്പിച്ചത്. സ്കോട്ടിഷ് വലയിൽ മൂന്ന് തവണ സ്വിറ്റ്സർലാൻഡ് പന്ത് അടിച്ചു കയറ്റിയെങ്കിലും ഒന്നുമാത്രമേ ഗോളായി പരിഗണിച്ചുള്ളൂ.
13ാം മിനിറ്റിൽ ലഭിച്ച ഓൺഗോളിലൂടെ സ്കോട്ട്ലൻഡാണ് ആദ്യം ലീഡെടുക്കുന്നത്. സ്വിറ്റ്സർലൻഡിന്റെ കോർണർ കിക്ക് പിടിച്ചെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ സ്വിസ് ഗോൾമുഖത്തെത്തിയ മാക് ടോമിനി തൊടുത്ത് വിട്ട പന്ത് സ്വിസ് പ്രതിരോധ താരം ഫാബിയൻ ഷെയറിന്റെ കാലിൽ തട്ടി വലയിലെത്തി.
എന്നാൽ, ഒരു ഗോളിന് പിന്നിട്ടു നിന്നതോടെ സ്വിസ് താരങ്ങൾ ഉണർന്ന് കളിച്ചു. ആക്രമണവുമായി സ്കോട്ട്ലാൻഡ് പോസ്റ്റിനരികിൽ തമ്പടിച്ച സ്വിറ്റ്സർലാൻഡ് ഒടുവിൽ ലക്ഷ്യം കണ്ടു. 26ാം മിനിറ്റിൽ ഷെർദാൻ ഷാക്കിരിയുടെ തകർപ്പൻ ഗോളിലൂടെ അവർ സമനില പിടിച്ചു. സ്കോട്ട്ലാൻഡ് താരങ്ങൾ തളികയിലെന്ന പോലെ നൽകിയ മൈനസ് പിടിച്ചെടുത്ത ഷാക്കിരി ബോക്സിന് പുറത്ത് നിന്ന് ഉഗ്രൻ ഇടങ്കാലൻ ഷോട്ടിലൂടെ സ്കോട്ട് വല തുളച്ച് കയറ്റി.
തൊട്ടുപിന്നാലെ പ്രതിരോധതാരം അകാഞ്ചിയിലൂടെ സ്കോട്ടിഷ് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതിയിൽ താളം കണ്ടെത്താൻ വിഷമിച്ച സ്കോട്ട് ലൻഡ് രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ചതോടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവസാന നിമിഷം വരെ കണ്ടത്. ഗോളാകുമെന്ന് ഉറച്ച നിരവധി ഷോട്ടുകൾ വലയൊഴിഞ്ഞുപോകുകയായിരുന്നു. 80ാം മിനിറ്റിൽ സ്വിസ് സ്ട്രൈക്കർ ബ്രീൽ എംബോളോയിലൂടെ വീണ്ടും പന്ത് സ്കോട്ട് വലയിലെത്തിയെങ്കിലും ഓഫ്സൈഡായിരുന്നു.