മലപ്പുറം: മലപ്പുറത്ത് വായിലെ മുറിവിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. അനസ്‌തേഷ്യ മരണത്തിനു കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മരണത്തിന് കാരണമാവുന്ന മുറിവല്ല വായിലുള്ളത്. അനസ്‌തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.(Four year old boy death postmortem report)
ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. ജൂണ് ഒന്നിനായിരുന്നു സംഭവം.
മുറിവിന് തുന്നിടലിനായി അനസ്‌തേഷ്യ നൽകണമെന്ന് ഡോക്ടർമാർ നിർദേശം നൽകി. അല്‍പ്പസമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയാണ് കുഞ്ഞിന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.