നിയമനിർവഹണത്തിനിടയിൽ കോടതി ചിലപ്പോൾ അസാധാരണമായ പല തീരുമാനങ്ങളും എടുക്കാറുണ്ട്. ഇരയുടെ ജീവിതത്തിനും ഭാവിക്കും നല്ലതെന്ന് കൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ കോടതി കൈക്കൊള്ളാറ്. ഇത്തരത്തിലുള്ള സുപ്രധാനമായ ഒരു തീരുമാനമാണ് ഈ കേസിലും കർണാടക ഹൈകോടതി കൈകൊണ്ടിട്ടുള്ളത്. (High Court granted bail to the accused to marry the raped girl)
ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ് കർണാടക ഹൈക്കോടതി. ഇരയായ പെൺകുട്ടിക്ക് 18 വയസ്സ് തികയുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തതിനെ തുടർന്ന് ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. ഇതിനെ തുടർന്നാണ് തനിക്ക് ജാമ്യം നൽകണമെന്ന് പ്രതിയായ യുവാവ് ഹർജി നൽകിയത്.
അമ്മ എന്ന നിലയിൽ പെൺകുട്ടിയെ പിന്തുണയ്ക്കാനും കുഞ്ഞിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഈ തീരുമാനം എന്ന് കോടതി വ്യക്തമാക്കി. ജാമ്യ കാലാവധി അവസാനിക്കുന്ന ജൂലൈ 13ന് കീഴടങ്ങണമെന്നും അപ്പോൾ വിവാഹം നടന്നതായി കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പ്രതിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പെൺകുട്ടിക്ക് 16 വയസ്സും 9 മാസവും മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു അതിക്രൂരമായ പീഡനം നടന്നത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ 2023 ഫെബ്രുവരിയിൽ മൈസൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിക്ക് കുഞ്ഞു ജനിച്ചത്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിലും യുവാവ് തന്നെയാണ് കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതിയുടെ നടപടി.