ഒറ്റപ്പാലം: യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സ്വകാര്യബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ. വളാഞ്ചേരി-പാലക്കാട് റൂട്ടിലാണ് സംഭവം. ഈ റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ (സബിനാസ്) എന്ന സ്വകാര്യ ബസാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ എവിടെയും നിർത്താതെ നേരേ ആശുപത്രിയിലേക്ക് പോയത്. The private bus ran for 16 km without stopping to save the passenger’s life
യാത്രക്കാരുടെകൂടെ സമ്മതത്തോടെ ബസ് എവിടെയും നിർത്താതെയായിരുന്നു ആശുപത്രി ലക്ഷ്യമാക്കിയുള്ള പാച്ചിൽ നടത്തിയത്. ആശുപത്രിയിൽ എത്തിച്ച യുവാവിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി. തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
ബസ് ഡ്രൈവർ ചാത്തനൂർ സ്വദേശി മനാഫ്, കണ്ടക്ടർ കൊടുമുണ്ട സ്വദേശി ഷറഫുദ്ദീൻ അലിമോൻ, വളാഞ്ചേരി സ്വദേശി അഭിനവ് എന്നിവരുടെ അവസരോചിത ഇടപെടലാണ് വാണിയംകുളം സ്വദേശി മണികണ്ഠന്റെ (23) ജീവന് രക്ഷയായത്.
ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് സംഭവം. വളാഞ്ചേരിയിൽനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസിൽ പട്ടാമ്പിയിൽനിന്ന് വാണിയംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്.
ഇതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട യുവാവ് ഓങ്ങല്ലൂരിൽവെച്ച് ബസിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ബോധമില്ലാതായ യുവാവുമായി ബസ് 16 കിലോമീറ്ററോളം ദൂരം, വേഗത്തിൽ സഞ്ചരിച്ച് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാർ ഇയാളുടെ പോക്കറ്റിൽനിന്നുലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡ്രൈവർ മനാഫ് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്സ് (എ.കെ.പി.ബി.എം.) ജില്ലാകമ്മിറ്റി അംഗമാണ്. മലപ്പുറം പടപറമ്പ് കരീമിന്റെ ഉടമസ്ഥതയിലുള്ള ബസാണ് സബിനാസ് എന്ന നിനു സ്റ്റാർ.