മൂന്നാർ: ലോട്ടറി വിൽപ്പനക്കാരനെ പറ്റിച്ച് ടിക്കറ്റുകൾ കൈക്കലാക്കിയ വിരുതനെ തേടി പോലീസ്. അടിമാലിയിൽ കുരിശുഅപ്ര സ്വദേശിയായ കെഎൽ ജോസ് ആണ് സംഭവത്തിൽ മൂന്നാർ പോലീസിൽ പരാതി നൽകിയത്.Police are looking for the man who stole the tickets from the lottery seller
വ്യാഴാഴ്ച ഉച്ചയോടെ മാട്ടുപ്പട്ടി റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവമുണ്ടായത്. 65-ന് വയസ്സിനുമേൽ പ്രായം തോന്നുന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ ജോസിന് പിന്നാലെ ഇയാളും എത്തി.
രണ്ട് ടിക്കറ്റുകൾ വാങ്ങിയതിനുശേഷം പണം നൽകുകയായിരുന്നു. പിന്നീട് ജോസ് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ടിക്കറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ജോസ് ബാഗിൽ നിന്നും ടിക്കറ്റുകൾ മുഴുവനായി എടുത്തുനൽകി.
200 ടിക്കറ്റുകളാണ് കൈവശമുണ്ടായിരുന്നത്. ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുന്നു എന്ന വ്യാജേന ഇയാൾ 100 ടിക്കറ്റുകൾ തട്ടിയെടുത്തതിനുശേഷം കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകൾ തിരികെ വെച്ചെന്നാണ് പരാതി.
കൈവശമുണ്ടായിരുന്ന പഴയ ടിക്കറ്റുകൾക്ക് മുകളിലും താഴെയുമായി പുതിയ ടിക്കറ്റുകൾ ചേർത്തുവെച്ച് വിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.
ഹോട്ടലിൽ നിന്നിറങ്ങി അടിമാലിയിലേക്കുള്ള യാത്രാമധ്യേ ജോസ് ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. തുടർന്ന് മൂന്നാർ പോലീസിൽ പരാതി നൽകി. പോലീസ് ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം പ്രതിയെ തിരിച്ചറിയാനായില്ല.