ഓസ്ട്രേലിയ സിഡ്‌നിയിൽ മലയാളി യുവതികൾ കടലില്‍ വീണ് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മർവയുടെയും ഷാനിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. (Young Malayali women fell into the sea and died in Sydney, Australia)
കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് നരെഷ ഹാരിസ്. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാൻ. മാതാവ്: ലൈല. സഹോദരങ്ങൾ: ജുഗൽ, റോഷ്‌ന.
കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും മകളാണ് മര്‍വ്വ ഹാഷിം. ആസ്‌ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. ഭർത്താവ്: ഡോ. സിറാജുദ്ദീൻ (കാസർകോട്). മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി
കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചു.