ലോട്ടറി നമ്പര്‍ തിരുത്തി സാധാരണ തട്ടിപ്പ് നടത്താറുണ്ടെങ്കിലും ഇതൊരു വല്ലാത്ത തട്ടിപ്പായിപ്പോയി. കായംകുളത്ത് നിർധനയായ ലോട്ടറി വില്‍പനക്കാരിയെ യുവാവ് കബളിപ്പിച്ചത് ടിക്കറ്റിലെ തീയതി തിരുത്തിയാണ്. ലോട്ടറി അടിച്ചെന്ന് തെറ്റിധരിപ്പിച്ച് ആറായിരം രൂപയും രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റും ഇയാൾ തട്ടിയെടുത്തു.
സംഭവം ഇങ്ങനെ:
ലോട്ടറി വിൽപന നടത്തി ഉപജീവനം നടത്തുന്നയാളാണ് ചേരാവള്ളി സ്വദേശി മായ. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാവ് അയ്യായിരം രൂപയുടെ സമ്മാനം ലഭിച്ച രണ്ടു ടിക്കറ്റ് ഉണ്ടെന്ന് പറഞ്ഞു. ആറായിരം പണമായും രണ്ടായിരം രൂപയുടെ ലോട്ടറി ടിക്കറ്റും വാങ്ങി. മായയുടെ പക്കൽ പണമില്ലാതിരുന്നതിനാൽ രണ്ടായിരം രൂപ പിന്നീട് വന്ന് വാങ്ങാമെന്ന് പറഞ്ഞ് യുവാവ് മടങ്ങി.
ടിക്കറ്റിലെ തീയതി തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് ഏജൻസിയിൽ എത്തിയപ്പോഴാണ് കബളിക്കപ്പെട്ടെന്ന് വ്യക്തമായത്. യുവതി കായംകുളം പൊലീസിൽ പരാതി നൽകി. തീയതി മാറ്റി തട്ടിപ്പ് നടത്തുന്നത് സാധാരണമല്ല. കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് തെക്ക് വശത്താണ് മായയുടെ ലോട്ടറി തട്ട്.