ലോകത്തെ ഏറ്റവും വലിയ ജീനോം ഉള്ള ജീവിയായി പസഫിക് ദ്വീപിൽ വളരുന്ന ഒരു ഫേണിനെ കണ്ടെത്തി ഗവേഷകർ.
ഇതോടെ ഏറ്റവും വലിയ ജീനോമിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കപ്പെട്ടു. (ജീനോം എന്നത് ആ ജീവിയിൽ അതിൻ്റെ ഡിഎൻഎ ഉൾപ്പെടെയുള്ള ജനിതക വസ്തുക്കളുടെ സമ്പൂർണ്ണ കൂട്ടമാണ്. ) 160 ജിഗാബേസ് ജോഡികൾ ചേർന്ന ഒരു ജീനോമാന് ഈ സസ്യത്തിനുള്ളത്. . ജാപ്പനീസ് പൂച്ചെടിയായ പാരീസ് ജപ്പോണിക്കയായിരുന്നു കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ജീനോമുള്ള സസ്യം. ഇതിനേക്കാൾ 7 ശതമാനം കൂടുതലാണ് റമീസിപ്റ്ററിസ് ഒബ്ലാൻസിയോളറ്റ എന്ന ഈ സസ്യം.ഏകദേശം 3.1 ഗിഗാബേസ് ജോഡികൾ ആണ് മനുഷ്യ ജീനോമിലുള്ളത്. മനുഷ്യ ജീനോം, ചുരുളഴിയുമ്പോൾ, ഏകദേശം ആറടി നീളം വരും.തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നതും സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതുമായ ഒരു ദ്വീപസമൂഹമായ ന്യൂ കാലിഡോണിയയിൽ മാത്രം കാണപ്പെടുന്നതാണ് റമീസിപ്റ്ററിസ് ഒബ്ലാൻസിയോളറ്റ.
റമീസിപ്റ്ററിസ് ഒബ്ലാൻസിയോളറ്റ എന്ന ഈ സസ്യം, അതിൻ്റെ കോശങ്ങളുടെ ന്യൂക്ലിയസിൽ മനുഷ്യരേക്കാൾ 50 മടങ്ങ് കൂടുതൽ ഡിഎൻഎ സംഭരിച്ചിരിക്കുന്നു. ഇതിന്റെ ഡിഎൻഎ 350 അടി വരെ നീളുമെന്ന് ശാസ്ത്രജ്ഞർ ഒരു പുതിയ പഠനത്തിൽ കണ്ടെത്തി. ഇതിന്റെ ഡിഎൻഎ പൂർണമായി അഴിച്ചെടുക്കുമ്പോൾ , സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാളും ലണ്ടനിലെ ബിഗ് ബെന്നിൻ്റെ ടവറിനെക്കാളും ഉയരത്തിലായിരിക്കും. എന്നാൽ, ഒരു വലിയ ജീനോം ഉള്ളത് പൊതുവെ ഒരു പോരായ്മയാണെന്ന് ശാസ്തജ്ഞർ വിശദീകരിച്ചു. നിങ്ങളുടെ ഡിഎൻഎ എത്രയധികം ഉണ്ടോ അത്രത്തോളം വലുതായിരിക്കണം നിങ്ങളുടെ കോശങ്ങൾ എല്ലാം ഉൾക്കൊള്ളാൻ എന്നതാണ് പോരായ്മ.
മാത്രമല്ല, ഇത്രയും വലിയ അളവിലുള്ള ഡിഎൻഎ ട്രാൻസ്‌ക്രിപ്ഷൻ, ട്രാൻസ്‌ലേഷൻ പ്രക്രിയകളിലൂടെ കോപ്പി എടുത്ത് കോശങ്ങൾ വളരുന്നത് സങ്കീർണ്ണമായ പ്രവർത്തിയാണ്. അസാധാരണമാംവിധം വലിയ ജീനോമുകളുള്ള സസ്യങ്ങളിൽ, ഈ പ്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുന്നു. പകർത്തേണ്ട ജനിതക പദാർത്ഥങ്ങളുടെ വലിയ അളവ് വളർച്ചയ്ക്കും പുനരുൽപാദനത്തിനും ആവശ്യമായ കാലയളവ് കൂട്ടും. കണ്ടെത്തലുകൾ ഇന്ന് iScience ൽ പ്രസിദ്ധീകരിച്ചു .
Read also: ഗസ്സയിലെ മനുഷ്യക്കുരുതിയിൽ പ്രതിഷേധം; ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്