പാലക്കാട്: ബേക്കറിയിൽ പോയി വരുമ്പോഴേക്കും യുവാവിന്റെ വാഹനം മോഷണം പോയി. ചുങ്കത്ത് ബൈക്ക് നിർത്തി ബേക്കറിയിൽ നിന്ന് റൊട്ടി വാങ്ങിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരൻ അജയ് വാസിന്റെ ബൈക്കാണ് മോഷ്ടിച്ചത്. തുടർന്ന് കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാമെന്ന് സംഭവ സ്ഥലത്തുള്ളവർ പറഞ്ഞു. എന്നാൽ പല കടകളിലെയും സിസിടിവികൾ പ്രവർത്തന രഹിതമായിരുന്നു.
ഒടുവിൽ സമീപത്തെ പ്രസ്സിലെ സിസിടിവി പരിശോധിച്ചതോടെ എരകുളം സ്വദേശിയാണ് ബൈക്ക് മോഷ്ടിച്ചതെന്ന് മനസ്സിലായി. ചിലർ ഇയാളെ ഫോണിൽ വിളിച്ചതോടെ സംഗതി പന്തികേടാകുമെന്ന് തിരിച്ചറിഞ്ഞ ഇയാൾ സുഹൃത്തിന്റെ കൈയിൽ ബൈക്ക് തിരിച്ചു കൊടുത്തുവിടുകയായിരുന്നു. എട്ടു മണിയോടെ അജയ് വാസിന് ബൈക്ക് തിരിച്ചുകിട്ടി.
ഇയാൾ മദ്യലഹരിയിലാണ് ബൈക്ക് എടുത്തു കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബൈക്ക് തിരിച്ചുകിട്ടിയതിനാലും എടുത്തയാൾ പരിചയക്കാരനായതിനാലും അജയ് വാസ് ആലത്തൂർ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചു.
Read Also: ഉഷ്ണതരംഗം തുടരും; ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്