എന്താടാ വിജയാ, നമുക്കീബുദ്ധി നേരത്തേ തോന്നാതിരുന്നത്? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’
നാടോടിക്കാറ്റിലെ ഈ ഡയലോഗ് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഓർമിക്കാത്ത മലയാളികൾ കുറവാണ്. ശ്രീനിയുടെ കിറുകൃത്യമായ സംഭാഷണങ്ങൾ കൊണ്ട് തീയറ്ററുകളെ ചിരിപ്രളയത്തിൽ മുക്കിയ സത്യൻ അന്തിക്കാട് സിനിമ. സിദ്ദിഖ്‌ലാൽമാരുടെ കഥയെ പൊലിപ്പിച്ചെടുത്ത നാടോടിക്കാറ്റ് 1987 മെയ് മാസത്തിലായിരുന്നു വെള്ളിത്തിരയിൽ അവതരിച്ചത്.
മലയാള സിനിമ ഉള്ളടത്തോളം കാലം ദാസനും വിജയനും മണ്മറയില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. സിനിമയേക്കാൾ കൂടുതൽ അതിലെ കഥാപാത്രങ്ങളെ നാം ഇപ്പോൾ ഓർക്കുന്നത് അവ ട്രോളുകളിൽ നിറയുമ്പോഴാണ്. പ്രീഡിഗ്രികാരനായ വിജയനെ എപ്പോഴും ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്ന ബി കോംകാരൻ ദാസന്റെ അപകർഷത ബോധം പലപ്പോഴും തെളിഞ്ഞു കാണുന്നുണ്ട് മൂന്ന് ചിത്രങ്ങളിലും.
അനന്തൻ നമ്പ്യാരും പവനായിയും ഡ്രൈവർ ബാലേട്ടനും രാധയും കോവൈ വെങ്കിടേശനുമൊക്കെ അരങ്ങു തകർത്ത സിനിമ വർഷങ്ങൾക്കിപ്പുറവും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാമതാണ്. പക്ഷേ, നാടോടിക്കാറ്റിലെ ഒട്ടുമിക്ക രംഗങ്ങളിലും പ്രധാന കഥാപാത്രമായി വന്ന ഒരാളെ നമ്മൾ കണ്ടില്ല. ആ താരമാണ് ഭക്ഷണം.
സീക്വലിലെ ആദ്യത്തെ ചിത്രം നാടോടിക്കാറ്റ് തന്നെയാണ് ഏറ്റവും പ്രിയം. ദാസനും വിജയനും ഒപ്പത്തിനൊപ്പം നിന്ന് കൊണ്ട് മത്സരിച്ചഭിനയിച്ചു എന്നതാണ് ഇവരെ അത്രമേൽ പ്രിയപ്പെട്ടവരാക്കുന്നത്. പിന്നീട് വന്ന പല സിനിമകളിലും ലാലേട്ടന് ചുറ്റും അംഗപരിചാരകരെ പോലെ രാജാവിന് ചുറ്റും കൂടുന്ന പ്രജകളെ പോലെ ചിലരെ ആണ് നമ്മൾ കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ദാസനും വിജയനും വളരെ വ്യത്യസ്തരാണ്. വിജയൻ സ്ക്രീനിൽ ദാസനോടൊപ്പം തന്നെ സ്പേസ് പങ്കിടുന്നുണ്ട്. ദാസന്റെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും കൂടെയുള്ള വിജയൻ. നാമെല്ലാരും കൊതിക്കില്ലേ ഇങ്ങനെ ഒരു സുഹൃത്തിനെ.
ലാലും ശ്രീനിയും ചേർന്നു സൃഷ്‌ടിച്ച ഒട്ടുമിക്ക ഹാസ്യ രംഗങ്ങളിലേയും പ്രധാന കോമഡി താരം ഭക്ഷണമായിരുന്നു. എന്നാൽ ഭക്ഷണം വൃത്തികേടാക്കുകയും വലിച്ചെറിയുകയുമൊക്കെ ചെയ്‌ത് ചിരിയുണ്ടാക്കുന്ന സ്‌ഥിരം കാഴ്‌ച്ചകളിൽനിന്ന് വ്യത്യസ്‌തമാണ് ഈ രംഗങ്ങൾ. ചിത്രത്തിന്റെ ആദ്യപകുതിയിൽ നായകൻമാർ എപ്പോഴും പ്രത്യക്ഷപ്പെടുന്നത് ചോറ്റുപാത്രവുമായാണ്.
അവിവാഹിതരായ രണ്ടു ചെറുപ്പക്കാർ താമസിക്കുന്ന ഒരു വാടകവീട്ടിൽനിന്നാണ് സിനിമയുടെ തുടക്കം. ബാച്ചിലർമാരുടെ ഭക്ഷണരീതികൾ വ്യത്യസ്‌തമായിരിക്കും. അടുപ്പത്തിരിക്കുന്ന പാത്രത്തിൽ വെള്ളം തിളച്ചുമറിയുന്നു. അപ്പോഴാണ് വിജയൻ ചായപ്പൊടിക്കായി അടുക്കളയിലെ ടിന്നുകൾ തപ്പുന്നത്. പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അവസാനം വിജയന്റെ ആത്മഗതം:‘ഇവിടെ ചായപ്പൊടിയും ചാണകപ്പൊടിയുമൊന്നും ഇല്ലേ?’
ചായയുടെ കലാപരിപാടി കഴിഞ്ഞ് വിജയൻ ചോറുണ്ടാക്കുന്നു. ഊതിയൂതി പുക പറപ്പിച്ച് കണ്ണു കലങ്ങുന്നു. എന്നും രാവിലെ വിജയനാണ് ചോറുണ്ടാക്കുന്നത്. ഇതുവരെ ചോറായില്ലേ എന്നു ചോദിക്കുന്ന ദാസനോട് ഞാൻ നിന്റെ അടുക്കളക്കാരനല്ല എന്ന മട്ടിലാണ് വിജയന്റെ പ്രതികരണം.
തലതെറിച്ച രണ്ടു പ്യൂൺമാരെയും ഓഫീസിൽനിന്ന് പിടിച്ചു പുറത്തേക്കെറിഞ്ഞപ്പോഴും രണ്ടുപേരും ചോറ്റുപാത്രത്തിലെ പിടി വിടുന്നില്ല.
തുടർന്നാണ് ദാസനും വിജയനും പാൽ ബിസിനസിനിറങ്ങുന്നത്. ഇത്തിരി പരുത്തിക്കുരുവും ഇത്തിരി പിണ്ണാക്കും ഇത്തിരി തവിടും കൊടുത്താൽ ശറപറേന്നു പാൽ തരുന്ന ഗഡാഗഡിയനായ പശുവിനെയാണ് വാങ്ങുന്നത്.
ദിവസം പത്തു പന്ത്രണ്ടു ലിറ്റർ പാൽ കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും പിഴിഞ്ഞൂറ്റിയിട്ട് ആറേഴു ലിറ്റർ പാലാണ് കിട്ടിയത്. ചായക്കടക്കാരന് പാൽ കൊടുക്കാമെന്ന് ഏറ്റുംപോയി.
ഉടനെ വിജയനു ബൾബു കത്തി…നല്ല കൊഴുപ്പുള്ള പാലാണ്. ഇത്തിരി വെള്ളം ചേർക്കാം. കടയിലേക്കു കൊണ്ടുപോയ പാൽ തിരികെവീട്ടിൽ കൊണ്ടുവെച്ചിട്ട് ചായക്കാടക്കാരന്റെ മകൻ പറയുന്നു: ‘ഇതിലും ഭേദം വെട്ടുകത്തിയുമായി കക്കാനിറങ്ങുന്നതാണെന്ന് അച്‌ഛൻ പറയാൻ പറഞ്ഞു.’
കലിഫോർണിയയിലേക്കുള്ള ഉരു ദുബായി കടപ്പുറം വഴി ഗഫൂർ തിരിച്ചുവിട്ടതുകൊണ്ട് ദാസനും വിജയനും മദിരാശിയിലെത്തി. ഡ്രൈവർ ബാലേട്ടൻ അനന്തൻ നമ്പ്യാരുടെ കമ്പനിയിൽ ജോലിയും വാടകയ്‌ക്ക് ഒരു വീടും ഒപ്പിച്ചു കൊടുക്കുന്നതോടെ കഥ വഴി മാറുകയാണ്. ചന്തയിൽനിന്ന് ഭക്ഷണം വെയ്‌ക്കാനുള്ള സാധനങ്ങളും വാങ്ങി വരികയാണ് രണ്ടുപേരും. ദാസൻ പറയുന്നു: ‘വിജയാ.. നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു ടൈടേബിൾ വേണം. ഉദാഹരണമായി തിങ്കളാഴ്‌ച്ച ദോശ, ചൊവ്വാഴ്‌ച്ച പുട്ട്, ബുധനാഴ്‌ച്ച ഇഡ്‌ഡലി…’ അടുക്കളപ്പണി തലയിലാവുമെന്നു കണ്ടെ വിജയൻ ചൂടാവുന്നു: ‘…വ്യാഴാഴ്‌ച്ച ദോശപ്പുട്ടിഡ്‌ഡലി.ഞാനാരാ നിന്റെ അടുക്കളക്കാരനോ?’
നാടോടിക്കാറ്റ് മനുഷ്യന്റെ പച്ചയായ അവസ്ഥകൾ കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും ഈ ചിത്രം കാണാൻ ഇരിക്കുമ്പോൾ ബോറടിക്കാത്തത്. തൊഴിലില്ലായ്മ മലയാളികളുടെ സ്വന്തം പ്രശ്‌നം ആയത് കൊണ്ടു ദാസന്റെയും വിജയന്റെയും പ്രശ്‌നങ്ങൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ പോലെ ഏതൊരു ശരാശരി മലയാളിക്കും തോന്നും. ദാസനേക്കാൾ പ്രായോഗികബുദ്ധിയുള്ള വിജയൻ പലയിടങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നുണ്ട്. പശുവിനെ വിൽക്കാനും ഗൾഫിൽ പോകാൻ ഗഫൂർക്കയെ കാണാനും ഉള്ള തീരുമാനങ്ങൾ വിജയന്റെയാണ്. അയാൾക്ക് പഠിപ്പിന്റെയോ ദുരഭിമാനത്തിന്റെയോ അമിതഭാരമില്ല. എന്നാൽ ദാസൻ അഭിമാനിയാണ് ബികോം വരെ പഠിച്ചിട്ടുള്ളയാളാണ് എന്ന് സ്വയം ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന ഒരാളാണ്. ഇങ്ങനെകുറെ വൈരുദ്ധ്യങ്ങൾ കൊണ്ട് അടുത്തും കൊടുത്തും അവരുടെ സൗഹൃദം മുന്നോട്ട് പോകുന്നുണ്ട്. വളരെ ഒഴുക്കോട് കൂടിയുള്ള നൈസർഗികമായ പ്രയാസമേതുമില്ലാത്ത അഭിനയം രണ്ട് പേരും കാഴ്ച്ച വെച്ചിട്ടുണ്ട്. അവർ തമ്മിൽ വളരെ കംഫർട്ടബിൾ ആണെന്നത് ആ കഥാപാത്രങ്ങൾക്കും ഊർജം പകർന്ന് കൊടുത്തു.
പട്ടണപ്രവേശത്തിലേക്ക് കടക്കുമ്പോൾ സിദ്ദിഖ് ലാൽമാർ തൊടുത്തു വിട്ട ആദ്യത്തെ അമ്പു മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അത് നിലനിർത്തുക എന്ന ‘നിസ്സാര’മായ ജോലി മാത്രമേ ശ്രീനിവാസന് ഉണ്ടായുള്ളൂ. തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും അത് വളരെ പ്രയാസമേറിയ ഒരു ജോലി തന്നെയാണ്. തമിഴ്നാട് പൊലീസിൽ ജോലി ലഭിച്ച ദാസനും വിജയനും പിന്നീട് ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ വരുന്നതും ഇവിടെ ശിക്കാരി ശംഭുമാർ ആയി വിലസുന്നതും വളരെ രസകരമായ കാഴ്ചകൾ തന്നെയാണ്. നാടോടികാറ്റിലെ ദാസന്റെ പ്രണയം വളരെ നിർമലവും ആത്മാർഥവും ആണെന്ന് നമുക്ക് തോന്നും. എന്നാൽ പിന്നീട് രാധക്ക് എന്ത് പറ്റിയെന്ന് ആരും പറയുന്നില്ല. എന്നാലും ദാസനും വിജയനും പട്ടിണി മാറ്റിയ ജോലിയോടുള്ള കടപ്പാടും അതിന്റെ പേരിൽ കൈനോട്ടക്കാരായും കുട നന്നാക്കാൻ വരുന്നവരായുമൊക്കെയുള്ള പകർന്നാട്ടങ്ങൾ ഗംഭീരമാക്കി. ഇവർ തമ്മിലുള്ള ഓരോ സീനിലും ഇവരുടെ കെമിസ്ട്രി കാഴ്ചക്കാരെ രസിപ്പിക്കുന്നുണ്ട്. അതൊക്കെ തന്നെയാണ് ആ ചിത്രത്തിന്റെ വിജയം.
അക്കരെയക്കരെയക്കരെ സത്യൻ അന്തിക്കാടിന്റെ കൈയ്യിൽ നിന്നും പ്രിയദർശൻ ഏറ്റു വാങ്ങിയത് കൊണ്ടാണോ എന്നറിയില്ല കേരളം വിട്ട് പോയത്. വിജയൻ ദാസന്റെ കൂടെ അമേരിക്കയിൽ പോകാൻ വേണ്ടി മീൻ അവിയൽ ഉണ്ടാക്കുന്നതൊക്കെ ചിരിപ്പിച്ചു കളഞ്ഞു. ആദ്യമായി പ്രായോഗിക ബുദ്ധിയുള്ള വിജയനും പ്രണയം തോന്നുന്നുണ്ട് സേതുലക്ഷ്മി സിസ്റ്ററോട്. അവിടെയും ആശാൻ അമേരിക്കയിൽ നഴ്‌സിനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ ഉള്ള ബുദ്ധി ആണ് കാണിക്കുന്നത്. ദാസനും വിജയനും ആദ്യം മുതൽ പാരവെപ്പൊക്കെ ഉണ്ടെങ്കിലും ആദ്യമായി അതൊരു ജീവൻ മരണ കളിയായി മാറുന്നത് അമേരിക്കയിൽ നടക്കുന്ന ക്ലൈമാക്സിൽ ആണ്. ദാസനും വിജയനും കൂടെ കര കാണാ കടലല മേലെ മോഹപൂ കുരുവി പറന്നേ എന്ന് പാടുമ്പോൾ നമ്മളും കൂടെ പാടിയിട്ടില്ലേ ഈ ഗാനം. സ്വർഗ്ഗത്തിലോ അതോ സ്വപ്നത്തിലോ എന്ന് പാടി അമേരിക്കയിൽ ഓടി ചാടി നടക്കുന്ന ദാസനും വിജയനും അടിപൊളി തന്നെയല്ലേ സുഹൃത്തുക്കളെ. എന്റെ ഇഷ്ട ജോഡി അവർ തന്നെയാണ്. എപ്പോഴും കൂടെയുള്ള സുഹൃത്തുക്കൾ. ഒരാളില്ലാതെ മറ്റെയാളെ ഒറ്റയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത സൗഹൃദം.