പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി. നദീ ജലത്തിൽ ഓക്സിജൻ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞതുകൊണ്ടാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്നാണ് പരിശോധനാഫലം. എടുത്ത എല്ലാ സാമ്പിളുകളിലും സമാനമായ സ്ഥിതിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാരാപ്പുഴ ,കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളിൽ നിന്നുള്ള വെള്ള സാമ്പിളുകളിൽ ആണ് അപകടകരമായ രീതിയിൽ ഓക്സിജൻ കുറഞ്ഞതായി കണ്ടെത്തിയത്.
മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾക്ക് ജീവിക്കുന്നതിനായി ഒരു ലിറ്റർ വെള്ളത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ച് മില്ലിഗ്രാം ഓക്സിജൻ വേണമെന്നിരിക്കെ, അതിന്റെ നാലിൽ ഒന്നുപോലും പല സ്ഥലങ്ങളിലും ഇല്ല. കോതാട് ഭാഗത്തുനിന്ന് എടുത്ത സാമ്പിളിൽ ജലോപരതലത്തിൽ 2.12 ഉം അടിത്തട്ടിൽ 1.14 മില്ലിഗ്രാം ആണ് ഓക്സിജന്റെ അളവ്. പെരിയാറിലെ സ്ഥിതിയാണ് ഏറ്റവും അപകടകരം. ഇവിടെ ജലോപരിതലത്തിൽ 1.3 മില്ലിഗ്രാം അടിത്തട്ടിൽ വെറും 0.3 മില്ലിഗ്രാം മാത്രമാണ് ഓക്സിജൻ. വരാപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. വരാപ്പുഴയിൽ ജലോപരിതലത്തിൽ 3.81, അടിത്തട്ടിൽ 3.01 എന്നിങ്ങനെയാണ് ഓക്സിജന്റെ അളവ്. സാധാരണഗതിയിൽ നദിയിലെ വെള്ളത്തിൽ ഒരു ലീറ്ററിൽ 10 മില്ലിഗ്രാം എന്ന നിലയിലാണ് ഓക്സിജന്‍റെ അളവ് എന്നിരിക്കെയാണ് ഈ സാമ്പിളുകളിൽ ഇത്രയും കുറവ് കാണിക്കുന്നത്. കേരള ഫിഷറീസ് സർവകലാശാല നദിയിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഓഫിസിലേക്ക് പ്രദേശവാസികൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
Read also: നമ്മുടെ കുഞ്ഞുങ്ങൾ സഞ്ചരിക്കുന്ന വാഹനം സുരക്ഷിതമാണോ ?? പരിശോധനയ്ക്ക് തയാറെടുത്ത് എം.വി.ഡി