ഇന്ത്യയുടെ പാസഞ്ചർ കോച്ചുകൾ വിദേശരാജ്യങ്ങളിൽ സൂപ്പർഹിറ്റാവുകയാണ്. പറയുന്ന വിലയ്ക്ക് വാങ്ങാൻ രാജ്യങ്ങളുമുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള കൺസൾട്ടൻസി ക്മ്പനിയായ റൈറ്റ്സ് ലിമിറ്റഡ് ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ്‌ഗേജ് പാസഞ്ചർ കോച്ചുകൾ നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടു. ധാക്കയിൽ ബംഗ്ലാദേശ്റെയിൽവേ മന്ത്രി എം.ഡി. സില്ലുൽ ഹക്കിമിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഏകദേശം 915 കോടി രൂപയുടെ കരാറിലാണ് കമ്പനി ഒപ്പുവച്ചത്. യൂറോപ്യൻ ഇൻവെസ്റ്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. കരാർ വ്യവസ്ഥകൾ അനുസരിച്ച് പാസഞ്ചർ കോച്ചുകൾക്കൊപ്പം ഡിസൈൻ വൈദഗ്ദ്ധ്യം, സ്‌പെയർ പാർട്സ്, പരിശീലനം എന്നിവയും ബംഗ്ലാദേശ് റെയിൽവേയ്ക്ക് കമ്പനി നൽകും.
നേരത്തെ, ബംഗ്ലാദേശ് റെയിൽവേയ്ക്ക് 120 ബ്രോഡ് ഗേജ് പാസഞ്ചർ കോച്ചുകളും 36 ബ്രോഡ് ഗേജ് ലോക്കോമോട്ടീവുകളും 10 മീറ്റർ ഗേജ് ലോക്കോമോട്ടീവുകളും കമ്പനി നൽകിയിരുന്നു. ഇപ്പോൾ, 36 മാസത്തെ വിതരണവും കമ്മിഷനിംഗ് കാലയളവും 24 മാസ വാറന്റി കാലയളവും കരാറിൽ ഉൾപ്പെടുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ, ഫോർ ദ വേൾഡ് എന്ന കാഴ്ചപ്പാടുമായി യോജിപ്പിച്ച് തദ്ദേശീയമായി വികസിപ്പിച്ച ലോകോത്തര റെയിൽവേ റോളിംഗ് സ്റ്റോക്കിന്റെ കയറ്റുമതിയിലൂടെ വളർച്ച കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.