തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പത്തനംതിട്ടയില്‍ അതിശക്തമായ മഴ ലഭിക്കും. ജാഗ്രത വേണമെന്ന് നിര്‍ദ്ദേശത്തിൽ പറയുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാനും നിർദേശം നൽകി. 44 ഇടങ്ങളില്‍ പ്രകൃതി ദുരന്തസാധ്യതയെന്നാണ് വിലയിരുത്തല്‍.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതിജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ടയുടെ മലയോര മേഖലയില്‍ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലേക്ക് അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചു. തമിഴ്‌നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.