ലോകത്ത്തന്നെ സോഫ്റ്റ്‌വെയർ അനുബന്ധ മേഖലയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളിൽ ഇടംപിടിച്ച് തിരുവനന്തപുരവും. നെതർലൻഡ്‌സ് ആസ്ഥാനമായ ലൊക്കേഷൻ കൺസൾട്ടന്റ് സ്ഥാപനമായ ബി.സി.ഐ ഗ്ലോബൽ പുറത്തുവിട്ട പട്ടികയിലാണ് തിരുവനന്തപുരത്തിന്റെ നേട്ടം.
ഏഷ്യ-പസഫിക് മേഖലയിൽ തന്നെ മികച്ച 8 നിക്ഷേപ കേന്ദ്രങ്ങളിൽ കൊൽക്കത്തയും തിരുവനന്തപുരവുമാണ് ഇന്ത്യയിൽ നിന്ന് ഇടം നേടിയിട്ടുള്ളത്. ഇതിൽ തന്നെ കൊൽക്കത്ത ഒന്നാംസ്ഥാനത്തും തിരുവനന്തപുരം രണ്ടാംസ്ഥാനത്തുമാണ്. ഏറ്റവും മികച്ച ബിസിനസ് ലൊക്കേഷൻ, അനുകൂല കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും നിലവാരവും, കുറഞ്ഞ റിസ്‌കുകൾ, ആകർഷകമായ തീരപ്രദേശങ്ങൾ തുടങ്ങിയ പ്രത്യേകതകളാണ് 17 ലക്ഷത്തോളം പേർ അധിവസിക്കുന്ന തിരുവനന്തപുരത്തെ പട്ടികയിൽ ഇടംനേടാൻ സഹായകമായതെന്ന് റിപ്പോർട്ടിലുണ്ട്.
നിസാൻ ഉൾപ്പെടെയുള്ള കമ്പനികൾ മികച്ച നിക്ഷേപം തിരുവനന്തപുരത്ത് നടത്തിയതും ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ഉയർന്ന ലഭ്യത, മികച്ച ഇംഗ്ലീഷ് നൈപുണ്യം, കുറഞ്ഞ വേതനനിരക്ക്, വളരുന്ന ഇന്ത്യൻ ബിസിനസ് നഗരം എന്നിങ്ങനെ ആകർഷണങ്ങളാണ് കൊൽക്കത്തയ്ക്ക് നേട്ടമായത്.
ചൈനയിലെ ചോങ്കിങ് , വിയറ്റ്‌നാമിലെ ഡ നാങ്, ഫിലിപ്പീൻസിലെ ഡാവോ സിറ്റി, മെട്രോ കഗായൻ ഡി ഓറോ, ഇൻഡോനേഷ്യയിലെ സുറാബയാ, നുസൻടാരാ എന്നിവയാണ് പട്ടികയിൽ യഥാക്രമം മൂന്നുമുതൽ എട്ടുവരെ സ്ഥാനങ്ങൾ നേടിയ മറ്റ് ഏഷ്യ-പസഫിക് നഗരങ്ങൾ. അമേരിക്കൻ മേഖലയിൽ നിന്നുള്ള മികച്ച എട്ട് നഗരങ്ങളിൽ കാനഡയിലെ ഹാലിഫാക്‌സ്, അമേരിക്കയിലെ ഓക്‌ലഹോമ സിറ്റി എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ നിന്നുള്ള മികച്ച 8 നഗരങ്ങളിൽ ഒന്നാംസ്ഥാനം ക്രൊയേഷ്യയിലെ സഗ്രെബിനാണ്. ഗ്രീക്ക് നഗരമായ തെസ്സലോനികിയാണ് രണ്ടാമത്.
Read Also:കാഴ്ചക്കാരായി യാത്രക്കാർ; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിലടി, ആറുപേർക്കെതിരെ കേസ്