തിരുവനന്തപുരം: കേരളാ പോലീസിന്റെ നാർക്കോട്ടിക് വിഭാഗമായ ഡാൻസാഫിന് പ്രത്യേക അന്വേഷണാധികാരം നൽകി കേരള സർക്കാർ. പോലീസ് ജില്ലകളിലെ നാർക്കോട്ടിക് കേസുകൾ കൈകാര്യം ചെയ്യാൻ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മുഖ്യ ചുമതലക്കാരനും ഡിവൈഎസ്പി ജില്ലാ ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ അധികാരവും ഇവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ( ഡാൻസാഫ് ) നും നിയമപരമായ അധികാരവും ആണ് നൽകിയത്.
മയക്കുമരുന്നിനെതിരെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥന്മാർ നടത്തുന്ന പരിശോധനകൾക്കൊപ്പം തന്നെ ഒരോ ജില്ലയിലേയും ഡാൻസാഫ് ടീമും പ്രവർത്തിച്ചു വരികയാണ്. ഇങ്ങനെ ഡാൻസാഫ് ടീം കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടി വരുന്ന പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരുന്നത്. ഇത്തരത്തിൽ താനൂരിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ മരണം ഇപ്പോൾ സിബിഐ അന്വേഷണം നടക്കുന്നത് ഉൾപ്പെടെ ഇതിനു ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പോലീസ് സംഘടനകൾ നിരന്തരം ഉയർത്തി വന്ന ആവശ്യത്തിനാണ് ഇപ്പോൾ സർക്കാർ വിജ്ഞാപനത്തിലൂടെ പരിഹാരമായിരിക്കുന്നത്.
എന്നാൽ ഒരു പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന കേസുകളിൽ കുറഞ്ഞ ക്വാണ്ടിറ്റി കേസുകൾ മാത്രം സ്റ്റേഷനുകളിൽ അന്വേഷിക്കാനും ഉയർന്ന ക്വാണ്ടിറ്റി കേസുകൾ ജില്ലയിലെ ഈ പ്രത്യേക വിഭാഗത്തെ ഏൽപ്പിക്കാനുമുള്ള തീരുമാനം ഉണ്ടാകണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. കൂടാതെ എൻഡിപിഎസ് നിയമപ്രകാരം സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിൽ ഉള്ളവരാണ് ഈ കേസുകളിലെ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ. അതുകൊണ്ട് തന്നെ ആവശ്യാനുസരണമുള്ള ഐപിമാർ ഉൾപ്പെടെ അനുവദിച്ച് ഈ വിഭാഗത്തെ ശക്തിപ്പെടുത്തുകയും വേണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.
ആധുനിക കാലത്തെ പല സിന്തറ്റിക് ഡ്രഗ്സും വായുവുമായി സമ്പർക്കത്തിൽ വന്നാൽ ചുരുങ്ങിയ ദിവസം കൊണ്ട് നിർവ്വീര്യമാകാറുണ്ട്. ഇത് കോടതികൾ മുഖേന ലാബിൽ പോയി റിസൾട്ട് വരാൻ കാലതാമസം ഉണ്ടാകുമ്പോൾ പിടിച്ചത് മയക്കുമരുന്ന് അല്ല എന്ന ചിത്രീകരണം വന്ന് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരായി തിരിച്ചു വരാനും സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തിൽ പിടിക്കപ്പെടുന്ന സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെ ഉള്ളവ മയക്കുമരുന്ന് തന്നെയാണ് എന്ന് ഉറപ്പാക്കാനുള്ള ആധുനിക പരിശോധനാ സംവിധാനവും പോലീസിന് ലഭ്യമാക്കേണ്ടതാണ് എന്ന ആവശ്യം ശക്തമാണ്.
.
Read Also: കാറ്റ് ശക്തമാകും, കാലാവസ്ഥ മോശമാകും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, കരയിലായാലും കടലിലായാലും