ഡല്‍ഹി: പഞ്ചാബ് കിങ്‌സുമായുള്ള നിർണായക മല്‍സരത്തില്‍ കളിക്കാനിറങ്ങും മുമ്പ് തന്നെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാമെന്നതായിരുന്നു നേരത്തേ സഞ്ജുവിനും സംഘത്തിനും മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇപ്പോള്‍ അതിനു മുമ്പ് തന്നെ എങ്ങനെ അതു സംഭവിച്ചുവെന്ന ആശ്ചര്യത്തിലാണ് ആരാധകര്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയമാണ് റോയല്‍സിനു ഭാഗ്യമായത്. ഈ മല്‍സരത്തില്‍ ലഖ്‌നൗ ജയിച്ചിരുന്നെങ്കില്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം വീണ്ടും നീളുമായിരുന്നു. എന്നാല്‍ രണ്ടു മല്‍സരം ബാക്കിനില്‍ക്കെ റോയല്‍സിനെ പ്ലേഓഫിലേക്കു നയിക്കുകയായിരുന്നു.
പ്ലേഓഫില്‍ ഇനി റോയല്‍സിന്റെ എതിരാളികള്‍ ആരാവുമെന്നതാണ് അടുത്ത ചോദ്യം. കെകെആര്‍ ഇതിനകം ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ നല്ല മാര്‍ജിനില്‍ ജയിച്ചാല്‍ റോയല്‍സിനു ക്വാളിഫയര്‍ വണ്ണിലേക്കു തന്നെ ടിക്കറ്റ് കിട്ടും. അങ്ങനെ വന്നാല്‍ കെകെആറും റോയല്‍സും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ്.
റോയല്‍സ് ഇപ്പോള്‍ 16 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. അവരുടെ ഈയൊരു പോയിന്റിലേക്കു എത്താന്‍ സാധിക്കുന്ന ടീമുകള്‍ നേരത്തേ മൂന്നു പേരുണ്ടായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ എന്നിവരായിരുന്നു ഇത്. പക്ഷെ ഡിസിയോടു പരാജയപ്പെട്ടതോടെ എല്‍എസ്ജിക്കു ഇനി പ്രതീക്ഷ ലവലേശമില്ല.
ലഖ്‌നൗ 16 പോയിന്റില്‍ എത്തില്ലെന്നു ഉറപ്പായതാണ് റോയല്‍സിനു പ്ലേഓഫ് യോഗ്യത നേടിക്കൊടുത്തത്. ഇനി 16 എന്ന സംഖ്യയിലേക്കു എത്താവുന്ന ടീമുകള്‍ സിഎസ്‌കെ, എസ്ആര്‍എച്ച് എന്നിവര്‍ മാത്രമാണ്. രണ്ടു ടീമുകള്‍ക്കും ഇപ്പോള്‍ 14 പോയിന്റ് വീതമാണുള്ളത്. സിഎസ്‌കെയ്ക്കു ഒരു മല്‍സരമാണ് ബാക്കിയുള്ളതെങ്കില്‍ ഹൈദരാബാദിനു രണ്ടു കളികളുണ്ട്.