കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്കും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും പിന്നിലെ പ്രധാന വില്ലന്മാരിൽ ഒരാളായി മാറുകയാണ് റെന്റ് എ കാർ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന അഖിൽ വധക്കേസിൽ ഉൾപ്പെടെ ക്രിമിനലുകൾ ഉപയോഗിച്ചത് റെന്റ് എ കാറാണ്. കേരളത്തിൽ അടുത്തിടെ നടക്കുന്ന അക്രമണങ്ങളിൽ എല്ലാം വില്ലനായി ഇവന്റെ സാന്നിധ്യമുണ്ട്. പിടിച്ചാൽ കേസിൽ നിന്നും എളുപ്പത്തിൽ രക്ഷപെട്ടു പോരാം എന്നതാണ് കുറ്റവാളികൾക്ക് റെന്റ് എ കാറിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ മോട്ടോർ വാഹന വകുപ്പും പോലീസും നിസ്സഹായരാണ്.
കറുത്ത നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ നമ്പറുകളാണ് നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്ന റെന്റ് എ കാറുകള്‍ക്ക് വേണ്ടത് എന്നാണ് ചട്ടം. എന്നാൽ കേരളത്തിൽ ഇത്തരം രജിസ്ട്രേഷനുകൾ തന്നെ അപൂർവ്വം. ഇതൊന്നും ചെയ്യാതെ റെന്റിന് കൊടുക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനാകുന്നുമില്ല. ഒറിജിനൽ ഓണേഴ്‌സ് വാഹനങ്ങളാണ് ലാഭത്തിന് വേണ്ടി നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കുന്നത്. ഇത് പ്രതികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുന്നു. ഇത്തരം വാഹനങ്ങളെ തിരിച്ചറിയാനാകില്ല.
വാടകയ്ക്ക് കൊണ്ടുപോകുന്നവര്‍ എന്ത് ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് ഉടമകള്‍ ചോദിക്കാറുമില്ല അറിയാറുമില്ല. എന്ത് സംഭവിച്ചാലും തങ്ങൾക്ക് റിസ്ക്ക് ഇല്ല എന്നതുതന്നെ കാരണം. കൂടിവന്നാൽ വാഹനം പോകും. അതോടെ തീർന്നു കേസ്. വാഹന ഉടമ കേസില്‍ പ്രതിയാകാറില്ല. വാഹനം വാടകയ്ക്കാണ് കൊടുത്തത് എന്ന് തെളിയിക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കഴിയാറില്ല. സുഹൃത്തിനു ആവശ്യത്തിന് കൊടുത്തതാണ് എന്ന് പറഞ്ഞു ഉടമകൾ കൈമലർത്തിയാൽ റെന്റിനാണ് കൊടുത്തത് എന്ന് തെളിയിയ്ക്കാൻ പൊലീസിന് വേറെ നിയമപരമായ മാർഗ്ഗമൊന്നുമില്ല. ഈ പഴുത് ഉപയോഗിച്ച് കേരളത്തിൽ തഴച്ചു വളരുന്ന ഒരു ബിസിനസായി റെന്റ് എ കാർ ബിസിനസ്സ് മാറുകയാണ്. നിയമ വിരുദ്ധമാണ് എന്നറിഞ്ഞുതന്നെ ചെയ്യുന്ന ഈ കച്ചവടം ഒരർഥത്തിൽ ക്രിമിനലുകൾക്ക് വളംവച്ചു കൊടുക്കുകയാണ്.