കല്യാണദിവസം തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. ഫ്‌ളോറിഡ സ്വദേശിനിയായ ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തിന്റെ അന്ന് പ്രസവിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹവേദിയിലേക്ക് എത്താനൊരുങ്ങിയത്. സിറ്റി ഹാളിലായിരുന്നു വിവാഹം ഒരുക്കിയിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ തലേന്ന് തന്നെ ബ്രിയാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ബ്രിയാനയോട് വിവാഹിതയാണോ എന്ന് ചോദിച്ചത്. വരനായ സെരെസോയും ബ്രിയാനയ്‌ക്കൊപ്പമുണ്ടായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത ദിവസമാണ് തങ്ങളുടെ വിവാഹമെന്ന് ഇവര്‍ പറഞ്ഞത്. ഉടനെ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ഇവരെ സഹായിക്കാനായി എത്തി.
വിവാഹം നടത്താനുള്ള എല്ലാ സഹായവും ഇവര്‍ ദമ്പതികള്‍ക്ക് ചെയ്തുകൊടുത്തു. പ്രസവവേദന തുടങ്ങിയതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നഴ്‌സുമാരിലൊരാള്‍ ഹോസ്പിറ്റലിലെ വെള്ള പുതപ്പ് ഉപയോഗിച്ച് 30 മിനിട്ടുകൊണ്ട് വധുവിന്റെ വസ്ത്രം ഒരുക്കി. വിവാഹത്തിനായി ഒരുക്കിവെച്ചിരുന്ന മോതിരവും മറ്റും ബ്രിയാനയുടെ ബാഗില്‍ തന്നെ ഉണ്ടായിരുന്നു.അങ്ങനെ നിശ്ചയിച്ച അതേദിവസം തന്നെ അവര്‍ വിവാഹം കഴിച്ചു. പരസ്പരം മോതിരം കൈമാറുകയും കേക്ക് മുറിച്ച് മധുരം പങ്കുവെയ്ക്കുകയും ചെയ്തു. ചടങ്ങിന് പിന്നാലെ ദമ്പതികള്‍ തങ്ങളുടെ ആദ്യ കണ്‍മണിയെ വരവേല്‍ക്കുകയും ചെയ്തു.









