മുമ്പെങ്ങുമില്ലാത്ത വിധം കൊടും ചൂടിൽ വെന്തുരുകുകയാണ് നാടും നഗരവും. സംസ്ഥാനത്ത് ചില ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. കാലംതെറ്റിയുള്ള ചൂടുകൂടല്‍ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യകാര്യങ്ങളിൽ ചില ശ്രദ്ധ അത്യാവശ്യമാണ്, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിൽ. കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്ന ഒന്നാണ് പഴങ്ങൾ അഥവാ ഫ്രൂട്സ്. അത്തരത്തില്‍ ദാഹം ശമിപ്പിക്കുന്നതും ശരീരത്തിലെ ചൂട് കുറയ്ക്കാനും ഏറ്റവും ഉത്തമവുമായ പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തന്‍ (watermelon). വേനൽക്കാലമാണ് തണ്ണിമത്തന്റെ സീസണ്‍ സമയം എന്ന് തന്നെ പറയാം. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തൻ വിവിധ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ്.
വേനല്‍ക്കാലത്ത്ഏറ്റവും മികച്ച പഴമായി കണക്കാക്കപ്പെടുന്നത് തണ്ണിമത്തനെ തന്നെയാണ്. കാരണം അതിൽ 95% വരെയും ജലാംശം അടങ്ങിയിരിക്കുകയും നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ കൊടും ചൂട് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ ശരീരത്തെ സഹായിക്കുന്ന മറ്റ് നിരവധി ഗുണങ്ങളും തണ്ണിമത്തന് ഉണ്ട്. ശരീരം തണുപ്പിക്കാൻ മുതല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താൻ വരെ തണ്ണിമത്തന് കഴിയും. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീൻ എന്ന സംയുക്തം കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിൻ്റെ അളവ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തൻ സഹായകമാണ്.
വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ലൈസോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളായ വൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ തണ്ണിമത്തൻ കാൻസർ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ A യും C യും തണ്ണിമത്തനിൽ ഉള്ളതുകൊണ്ട് തന്നെ ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.
തണ്ണിമത്തനിൽ ഉയർന്ന ജലാംശം അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ മലബന്ധം തടയുകയും കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സിട്രുലിൻ പോലുള്ള സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനിൽ വളരെ കുറച്ച് കലോറി മാത്രമാണുള്ളത് അതിനാൽ തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പേശിവേദന ഒഴിവാക്കാനും സഹായിക്കുന്നു.
അതികമായാൽ അമൃതും വിഷമാണെന്നത് പോലെ തന്നെ അമിതമായാൽ തണ്ണിമത്തനും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. തണ്ണിമത്തനിലെ ലൈസോപീനും സിംപിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമായേക്കാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവരും പ്രമേഹരോഗികളും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.