കൊച്ചി: പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൻറെ നാല്പത്തിനാലാം വാർഷികവും താരസംഗമവും മെയ് 20 ന് കലൂർ ഗോകുലം കൺവൻഷൻ സെൻററിൽ നടക്കും. മോഹൻലാൽ, ശങ്കർ, പൂർണിമ ജയറാം തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ജെറി അമൽദേവിൻറെ നേതൃത്വത്തിൽ സിംഗ് ഇന്ത്യ എന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേഷ് നടേശൻറെ ശരീര സൗന്ദര്യ പ്രദർശനം, എറണാകുളത്തെ പ്രമുഖ കോളെജുകളിലെ വിദ്യാർഥികളുടെ നൃത്ത പരിപാടി എന്നിവയുമുണ്ടാകും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്ന് ഷോ ഡയറക്ടർ രാഹുൽ ആൻറണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മോഹൻലാലിനുള്ള പിറന്നാൾ സമ്മാനം കൂടിയാണ് താരസംഗമമെന്ന് അദ്ദേഹം പറഞ്ഞു. ഫിലോമിന മൂത്തേടൻ ട്രസ്റ്റ് ആണ് പരിപാടിയുടെ സംഘാടകർ.
എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ താരസംഗമത്തിൻറെ ആദ്യ ടിക്കറ്റ് വിൽപന നാട്യശ്രീ ചിത്രാ സുകുമാരന് നൽകി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലി ജോസ് നിർവഹിച്ചു. സി.ജി രാജഗോപാൽ (മുത്തു), ഡോ.രാധാമണി, എം ജെ ബേബി, പി.എ ബാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി ഡോ.സെബാസ്റ്റ്യൻ പോൾ, ഹൈബി ഈഡൻ എം.പി, എന്നിവർ മുഖ്യ രക്ഷാധികാരികളായും ഫാ. വില്യം നെല്ലിക്കൽ കൺവീനറായും സംഘടകസമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാളത്തിലെ പ്രമുഖനടനായ മോഹൻലാലിൻറെ പുറത്തിറങ്ങിയ ആദ്യചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം താരതമ്യേന ഒരു പുതുമുഖമായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്.
മനോഹരമായ ഗാനങ്ങളാൽ ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. പൂർണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു ഇത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 1980 ഡിസംബർ 25 ലെ ക്രിസ്തുമസ് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. 7 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു കോടിയിലധികം കളക്ഷൻ നേടിയിരുന്നു.