ഒരു ഡസനിലധികം പുരുഷന്മാർക്ക് എച്ച്ഐവി പകർത്തിയ 34കാരന് 30 വർഷത്തെ തടവ് ശിക്ഷ. അമേരിക്കയിലെ ഇദാഹോയിലാണ് സംഭവം. അലക്സാണ്ടർ ലൂയി എന്ന 34കാരനാണ് എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞിരിക്കെ അമ്പതോളം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടത്. 16 വയസ് മുതൽ പ്രായമുള്ളവരെയാണ് 34കാരൻ ഇരകളാക്കിയത്. 2023ൽ 16കാരനെന്ന ധാരണയിൽ ഇയാൾ ചാറ്റ് ചെയ്തത് അന്വേഷണ സംഘത്തിലെ ഒരാളോടാണ്. ഇതോടെയാണ് 34കാരന്റെ ക്രൂരത പുറംലോകമറിഞ്ഞത്. സോഷ്യൽമിഡിയയിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ നേരിട്ട് കാണാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്. 2023 സെപ്തംബറിലാണ് ഇയാൾ അറസ്റ്റിലായത്. കുട്ടികളെ ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ അറസ്റ്റിലായത്.
ആളുകൾക്ക് എച്ച് ഐവി പകരണമെന്ന ആഗ്രഹത്തോട് കൂടിയായിരുന്നു തന്റെ പ്രവർത്തിയെന്നാണ് ഇയാൾ കോടതിയിൽ വിശദമാക്കിയത്. ഓൺലൈനിലൂടെ ചാറ്റ് ചെയ്തായിരുന്നു അലക്സാണ്ടർ ലൂയി ഇരകളെ കണ്ടെത്തിയിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എച്ച്ഐവി ബാധിതനായ 34കാരൻ മരുന്നുകൾ കഴിക്കുകയോ ആരോഗ്യ പരിശോധനകൾ നടത്തുകയോ ചെയ്തിരുന്നില്ല. വേട്ടക്കാരന്റെ മനോഭാവത്തോടെയാണ് 34കാരൻ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.