ന്യൂഡല്‍ഹി: പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സുധാന്‍ഷു ദൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതികളെ ശിക്ഷിക്കാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
1999 ല്‍ തിരുവോണ ദിവസമാണ് പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. വധശ്രമം, ആയുധം ഉപയോഗിക്കല്‍, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി.