കൊടുംചൂടിൽ നാടെങ്ങും കത്തുകയാണ്. പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും. ഇക്കൂട്ടത്തിൽ യുപിയിലെ ഒരു സ്കൂൾ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തമായ രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൂടു മൂലം വിദ്യാർത്ഥികൾ സ്കൂളിൽ വരാതായതിനെ തുടർന്ന് ക്ലാസ് മുറികൾ തന്നെ നീന്തൽകുളമാക്കി മാറ്റിയിരിക്കുകയാണ് ഈ സ്കൂൾ. ഉത്തർപ്രദേശിലെ കനവ് ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് വ്യത്യസ്തമായ ഈ ആശയം നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ വിദ്യാർഥികൾ സ്കൂളിൽ യൂണിഫോമിൽ ക്ലാസ് മുറികളിൽ നീന്തിത്തുടിക്കുന്നത് കാണാം.
ചൂടുകാലവും വിളവെടുപ്പ് കാലവും ഒരുമിച്ച് വന്നതിനാൽ വിദ്യാർഥികൾ ക്ലാസിൽ വരുന്നത് നന്നെ കുറഞ്ഞിരുന്നുവെന്നും ഇതിന് ഒരു പരിഹാരം മാർഗ്ഗം ആയിട്ടാണ് ക്ലാസ് മുറി പൂളാക്കി മാറ്റിയത് എന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടികൾ വെള്ളത്തിൽ നീന്തി കളിക്കുന്നതും കൈകാലട്ടടിക്കുന്നതും കളിക്കുന്നതും എല്ലാം വീഡിയോയിൽ വ്യക്തമാണ്. വ്യത്യസ്ത ആശയം ആണെന്ന് പലരും പറയുമ്പോഴും ഇതിനെതിരെ വിമർശനം ഉയർത്തുന്നവരും കുറവല്ല.