വേണാട് എക്സ്പ്രസ് നാളെ മുതൽ എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി പോകുന്നതിൽ കനത്ത പ്രതിഷേധവുമായി യാത്രക്കാർ. സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി ഇറങ്ങിയിരുന്ന യാത്രക്കാർക്ക് ഇനിമുതൽ തൃപ്പൂണിത്തുറയിലോ നോർത്തിലോ ഇറങ്ങി ബസോ, മെട്രോയോ പിടിക്കേണ്ടി വരും. സമയനഷ്ടവും ധനനഷ്ടവുമാണ് ഇതുകൊണ്ടുണ്ടാവുകയെന്ന് യാത്രക്കാർ പറയുന്നു. പുതിയ തീരുമാനപ്രകാരം രാവിലെ എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും വേണാട് അരമണിക്കൂർ നേരത്തെ എത്തും. വൈകിട്ട് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ 15 മിനിറ്റ് നേരത്തേയും വേണാട് എത്തും.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ്, എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എൻജിൻ മാറ്റി ഘടിപ്പിക്കാൻ അറ മണിക്കൂർ വേണ്ടിവരും. ട്രെയിൻ എത്തുന്ന സമയത്ത് പ്ലാറ്റ്ഫോം ലഭ്യമല്ലെങ്കിൽ ഔട്ടറിൽ നിർത്തിയിടേണ്ടിയും വരും. ഇതുമൂലമാണ് സൗത്തിലെ സ്റ്റോപ്പ് ഒഴിവാക്കുന്നത്. പലരും സ്വാഗതം ചെയ്തെങ്കിലും ഒരുകൂട്ടം സ്ഥിരം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ് പുതിയ തീരുമാനം. അധിക ചെലവും, വൈകീട്ട് നാട്ടിലെത്താൻ ട്രെയിൻ കിട്ടില്ലന്ന ആശങ്കയുമാണ് യാത്രികർ പങ്കുവയ്ക്കുന്നത്. വേണാട് സൗത്തിലേക്ക് പോകുന്നില്ലെങ്കിൽ ബദൽ മാർഗ്ഗം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read also: സഞ്ജു സാംസൺ ഇന്ത്യൻ T20 ലോകകപ്പ് ടീമിൽ ! ; ടീമിൽ ഇടം നേടിയത് കടുത്ത മത്സരത്തിനൊടുവിൽ