ഊട്ടി: ഊട്ടിയിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ. രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ കനത്ത ചൂട് കാലത്ത് കുളിര് തേടിയാണ് ഊട്ടിയിലെത്തുന്നത്. എന്നാൽ ഊട്ടിയിൽ ഇപ്പോൾ തണുപ്പില്ലെങ്കിലും സഞ്ചാരികളുടെ ഒഴുക്കിൽ ഒട്ടും കുറവില്ല. പ്രശസ്തമായ വാർഷിക പുഷ്‌പ്പോത്സവം മെയ് 10ന് തുടങ്ങാനിരിക്കെയാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ 10 ദിവസം നീളുന്ന പുഷ്‌പ്പോത്സവം തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതിയോടെയാണ് സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ പല ജില്ലകളിലും ഉഷ്ണതരംഗമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില സാധാരണയേക്കാൾ 5 ഡിഗ്രി വരെ ഉയർന്നു.
45,000 ചട്ടികളിലായാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത്. ഡാലിയ, മേരിഗോൾഡ്, ഫാൻസി, പിറ്റോണിയ, സാൽവിയ, ചെണ്ടുമല്ലി ഉൾപ്പെടെ 300ലേറെ പൂച്ചെടികൾ പുഷ്പിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഗാലറികളിലും ഗാർഡൻ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പൂക്കൾ കൊണ്ട് അലങ്കാരം തീർത്തിട്ടുണ്ട്.
പുഷ്പമേള ആസ്വദിക്കാൻ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ഊട്ടിയിൽ എത്താറുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ റോസ് ഷോ, ഫ്രൂട്ട് ഷോ, സ്പൈസസ് ഷോ എന്നിവ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മേയ് 17ന് ആരംഭിക്കേണ്ട പുഷ്പമേള നേരത്തെ നടത്താനും കൂടുതൽ ദിവസം പ്രദർശനം നീട്ടാനും കാർഷിക വകുപ്പ് തീരുമാനിച്ചത്. ഇതിനുള്ള അനുമതി തെരഞ്ഞെടുപ്പ് കമീഷൻ നൽകിയതായി ജില്ല കലക്ടർ അറിയിച്ചു.
Read Also: കുതിപ്പിനിടെ അല്പമൊന്ന് കിതച്ച് സ്വർണവില; ചെറിയ കുറവാണെങ്കിലും വലിയ ആശ്വാസമെന്ന് ആഭരണ പ്രേമികൾ