കല്‍പ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഏത് വിധം സംസ്‌കരിക്കുമെന്ന കാര്യം ഉറ്റുനോക്കി ജനം. മാസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി നഗരത്തില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ക്കൊമ്പൻ കര്‍ണാടക വനംവകുപ്പിന്റെ പരിപാലന കേന്ദ്രത്തില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അവശനായി ചരിഞ്ഞിരുന്നു.
ഷോക്കേറ്റ് ചരിഞ്ഞ കാട്ടുക്കൊമ്പനെയും സമാനരീതിയില്‍ കഴുകന്‍ ചായക്കടയിലേക്ക് കൊണ്ടുപോകുമോ അതോ സാധാരണ ചെയ്യുന്നത് പോലെ കാട്ടിനുള്ളില്‍ എവിടെയെങ്കിലും വലിയ കുഴിയെടുത്ത് സംസ്‌കരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചരിഞ്ഞ കാപ്പിത്തോട്ടത്തില്‍ നിന്ന് ജഡം ലോറിയില്‍ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ വെച്ചാകും പോസ്റ്റുമാര്‍ട്ടം നടപടികളടക്കമുള്ളവ നടക്കുക. ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ ആന ചരിഞ്ഞത്. തെങ്ങ് മറിച്ചിടാൻ ശ്രമിക്കുവെ അത് വീണ് വൈദ്യുതിലൈന്‍ പൊട്ടുകയും തുടർന്ന് ആനയുടെ ദേഹത്ത് പതിച്ച് ഷോക്കേറ്റ് ചരിയുകയുമായിരുന്നുവെന്നാണ് നിഗമനം.